ആ ഷോട്ട് രണ്ടുമീറ്റർ അധികദൂരത്തേക്ക് പാഞ്ഞത് രണ്ടുമാസത്തെ തീവ്രപരിശീലനത്തിൽ


ചിറക്കടവ്: കൂടുതൽ പരിശീലനം നേടിയിരുന്നെങ്കിൽ ശിവനന്ദിന്റെ ഷോട്ട് റെക്കോഡ് ദൂരത്തിലേക്ക് എത്തുമായിരുന്നു...കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായികമേളയ്ക്ക് തൊട്ടുമുൻപു മുതൽ സംസ്ഥാന കായികമേള വരെയുള്ള രണ്ടുമാസത്തെ തീവ്രപരിശീലനത്തിലൂടെ നേടിയെടുത്ത സുവർണവിജയമാണിപ്പോൾ ഈ മിടുക്കനെ താരമാക്കുന്നത്.

ചിറക്കടവ് എസ്.ആർ.വി. എൻ.എസ്.എസ്. വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയായ ശിവനന്ദ് ആർ.ശേഖർ 12.79 മീറ്റർ ദൂരമെറിഞ്ഞാണ് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയത്. പത്തര മീറ്റർ ദൂരം വരെയാണ് മുൻപ് എറിഞ്ഞിരുന്നത്. അതിൽനിന്ന് പുതിയ ദൂരത്തിലേക്ക് എത്തിയത് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ കായികാധ്യാപകൻ ചേനപ്പാടി സ്വദേശി ബൈജു ജോസഫ് രണ്ടുമാസംകൊണ്ട് നൽകിയ തീവ്രപരിശീലനത്തിലൂടെ.

ആദ്യമായാണ് സംസ്ഥാനതലത്തിൽ കായികരംഗത്ത് സ്‌കൂളിന് ഇങ്ങനെയൊരു നേട്ടം. ചിറക്കടവ് ഗ്രാമത്തിന്റെകൂടി അഭിമാനമാണ് തങ്ങളുടെ പ്രിയശിഷ്യനെന്ന് പ്രഥമാധ്യാപകൻ കെ.ലാൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയ്ക്ക് തൊട്ടുമുൻപാണ് ബൈജു ജോസഫിന്റെയടുത്ത് ശിവനന്ദ് പരിശീലനത്തിനെത്തുന്നത്. സ്‌കൂളിലെ കായികാധ്യാപകൻ കെ.സി.അനിൽകുമാറിന്റെ നിർദേശമനുസരിച്ചായിരുന്നു ഇത്. കൊടുങ്ങൂർ വിദ്യാനന്ദ സ്‌കൂളിൽ നാലാംക്ലാസ് വരെ പഠിച്ച കാലയളവിലും പിന്നീട് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.സ്‌കൂളിൽ പഠിച്ചപ്പോഴും ശിവനന്ദ് ഷോട്ട്പുട്ടിൽ മികവ് പ്രകടിപ്പിച്ചിരുന്നു. സ്‌കൂൾതല മത്സരങ്ങളിലും പിന്നീട് ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ ഈയിനത്തിൽ നേടി. ശിവനന്ദിനെപ്പോലെ ധാരാളം പ്രതിഭകൾ തിരിച്ചറിയപ്പെടാതെയുണ്ടെന്നും അവരെ കണ്ടെത്തി പരിശീലനം നൽകാൻ അധ്യാപകരും രക്ഷിതാക്കളും ശ്രമിച്ചാൽ നേട്ടമേറെയുണ്ടാവുമെന്നും സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ കൂടിയായ ബൈജു ജോസഫ് പറഞ്ഞു.

എസ്.ആർ.വി.സ്‌കൂളിലെ വി.എച്ച്.എസ്.എസ്.വിഭാഗം അധ്യാപകൻ ആർ.ചന്ദ്രശേഖറിന്റെ മകനാണ് ശിവനന്ദ് ആർ.ശേഖർ. രാജലക്ഷ്മിയാണ് അമ്മ. ശിവേന്ദു സഹോദരിയും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..