തൃശ്ശൂർ: കാർഷിക സർവകലാശാലയിൽ സി.പി.എം. സർവീസ് സംഘടനകൾ നടത്തിയ സമരം 51-ാം ദിവസം അവസാനിപ്പിച്ചെങ്കിലും അലയൊലി നിലയ്ക്കുന്നില്ല. സമരത്തിൽ പങ്കെടുത്ത 137 പേർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ, ഇതിന് മറുപടി നൽകേണ്ടെന്ന് സമരത്തിന് നേതൃത്വം നൽകിയ സർവകലാശാലാ സംരക്ഷണസമിതി അറിയിച്ചു. എങ്കിലും നിർദേശം അവഗണിച്ച് 51 പേർ നോട്ടീസിന് മറുപടി നൽകി. ഇത് സമിതിക്ക് തിരിച്ചടിയായി.
സർവകലാശാലയിൽ എതിർചേരിയിൽ നിൽക്കുന്ന സി.പി.എം.- സി.പി.െഎ. സംഘടനകളുടെ ശത്രുത കടുക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രജിസ്ട്രാർ സി.പി.െഎ. സംഘടനാനുകൂലിയാണെന്നും അതിനാലാണ് സമരം ചർച്ചയിലൂടെ പരിഹരിച്ചിട്ടും കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നുമാണ് സി.പി.എം. സംഘടനാപ്രവർത്തകരുടെ ആരോപണം.
സമരം നടത്തിയവരുടെ വിവരങ്ങൾ ഗവർണർ ആവശ്യപ്പെട്ടതിനാൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയില്ലെങ്കിൽ രജിസ്ട്രാർ അതിന് ഉത്തരവാദിയാകുന്നതിനാലാണ് േനാട്ടീസ് നൽകിയതെന്നും ഇതിൽ സംഘടനാ ഇടപെടൽ ഇല്ലെന്നും സി.പി.െഎ. സംഘടനാനുകൂലികൾ പറയുന്നു.
ഇതിനിടെ സർവകലാശാലയിൽ ശന്പളം വൈകിയതും ആയുധമാക്കാൻ ഒരു വിഭാഗം ശ്രമിച്ചു. ശമ്പളം വൈകിയതിനു പിന്നിൽ സി.പി.എം. സംഘടനയുടെ ഇടപെടലാണെന്ന ആരോപണവുമായാണ് സി.പി.െഎ. സംഘടന രംഗത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് പ്രകടനവും ആസൂത്രണം ചെയ്തിരുന്നു. അതിനിടെയാണ് ശമ്പളത്തുക ട്രഷറിയിൽ എത്തിയെന്ന അറിയിപ്പുണ്ടായതും പ്രകടനം വേണ്ടെന്ന് വെച്ചതും.
സർവകലാശാലയിൽ ശക്തിയാർജിക്കുന്ന സംഘടനയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളും ചില ജീവനക്കാർ നടത്തുന്നുണ്ട്. ഇത് യൂണിയനുകളുടെ അകൽച്ച വർധിക്കുന്നതിന് കാരണമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..