ഹോംഗാർഡ് ചുമലിലേറ്റിയ ’ഭക്തി’യെ തൊഴുത് തമിഴ്‌നാടും ആന്ധ്രയും


കൊച്ചി: ‘‘രാത്രി പത്തേകാലായി... കൈകൾ ഊന്നി, മഴ നനഞ്ഞ് ഒരു സ്വാമി മലകയറി വന്നു. അയാളുടെ കാലുകൾക്ക് സ്വാധീനമില്ലായിരുന്നു. 11-ന് നടയടച്ചാൽ ആ സ്വാമിക്ക് അയ്യനെ കാണാനാകില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ ചുമലിലേറ്റി സന്നിധാനത്തേക്ക് നടന്നു’’- തമിഴ്‌നാട്ടിലും ആന്ധ്രയിലും വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഫോട്ടോയ്ക്കു പിന്നിലെ സംഭവം ഹോംഗാർഡ് ബിജുകുമാർ പറഞ്ഞു.

ശബരിമലയിലെത്തിയ ആന്ധ്ര ചിറ്റൂർ സ്വദേശി അല്ലിരാജിനെ ചുമലിലേറ്റി മലകയറുന്ന എറണാകുളം ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡ് ബിജുകുമാറിന്റെ ചിത്രം വളരെ വേഗമാണ് പ്രചരിക്കുന്നത്. ശബരിമല വാർത്തകൾക്കായുള്ള ഒരു തമിഴ് ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. വേഗം അത് വൈറലായി.

പട്ടാളത്തിൽനിന്ന് ഹവിൽദാറായി വിരമിച്ച പുനലൂർ ആരംപുന്ന രാമമംഗലത്ത് വീട്ടിൽ ആർ.എസ്. ബിജുകുമാർ അഞ്ചര വർഷമായി ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിൽ ഹോംഗാർഡാണ്. വിമുക്തഭടൻമാരെ ശബരിമലയിലേക്ക് സെക്യൂരിറ്റിയായി എടുത്തപ്പോഴാണ് ബിജുകുമാർ സന്നിധാനത്ത് എത്തിയത്.

മരക്കൂട്ടത്ത് ഡോളി പാസ് പരിശോധിക്കുന്ന ഡ്യൂട്ടിയിലായിരുന്നു നവംബർ 27-ന് ബിജുകുമാർ. അപ്പോഴാണ് കൈകൾ കുത്തി അല്ലിരാജ് എത്തിയത്. സാവധാനം മലകയറി വന്ന അല്ലിരാജിനൊപ്പമുണ്ടായിരുന്നവരെല്ലാം നടയടയ്ക്കുന്നതിനു മുന്നേ ദർശനം നടത്താൻ വേഗം കയറിപ്പോയി. സന്നിധാനത്തേക്ക് എത്തിക്കാമോ എന്ന് ഡോളിക്കാരോട് അല്ലിരാജ് ചോദിച്ചെങ്കിലും പൈസയുണ്ടാകില്ലെന്നു കരുതി അവർ തഴഞ്ഞു.

അപ്പോഴാണ് ബിജുകുമാർ അല്ലിരാജിനെ ചുമലിലേറ്റി നടന്നത്. ഒന്നര കിലോമീറ്റർ മലകയറി അര മണിക്കൂർ കൊണ്ട് സന്നിധാനത്തെ നടപ്പന്തലിൽ എത്തിച്ചു. അവിടെ പോലീസുകാർ അല്ലിരാജിനെ ഏറ്റെടുത്തു. ഞങ്ങൾ തൊഴീച്ചോളാം എന്ന് പോലീസുകാർ പറഞ്ഞതോടെ ബിജുകുമാർ മടങ്ങി. ഇതിനിടെ ബിജുകുമാർ തന്നെ അല്ലിരാജിനൊപ്പമുണ്ടായിരുന്നവരെ വിളിച്ച് സന്നിധാനത്ത് അല്ലിരാജ് എത്തിയെന്ന് അറിയിച്ചു.

‘‘ആരെയാണ് ചുമലിലേറ്റിയതെന്ന് അറിയില്ലായിരുന്നു. പേരും ചോദിച്ചില്ല. ആ സ്വാമിയെ നടയടയ്ക്കും മുന്നേ സന്നിധാനത്തെത്തിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ... ഫെയ്‌സ്ബുക്കിൽ കണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് കാലുവയ്യാത്ത ആ സ്വാമിയുടെ പേരൊക്കെ മനസ്സിലായത്’’.

പട്ടാളത്തിലെ സിഗ്നൽ കോർപ്‌സ് വിഭാഗത്തിലായിരുന്നു 24 വർഷം ബിജുകുമാർ. അച്ഛനും അമ്മയും ഭാര്യയും രണ്ടുമക്കളും പുനലൂരിലെ വീട്ടിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..