ആലപ്പുഴ: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെയ്ന്റ് മേരീസ് ബസലിക്ക പൂട്ടിയതു സംബന്ധിച്ച് വൈദികർ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കാണും. പള്ളി എത്രയുംവേഗം തുറക്കുന്നതിനുള്ള ഇടപെടൽ ആവശ്യപ്പെട്ടാണിത്. ക്രമസമാധാന പ്രശ്നങ്ങളെത്തുടർന്നാണ് നവംബർ 27-ന് പോലീസ് പള്ളി പൂട്ടിയത്.
വിശ്വാസികൾക്കു പ്രവേശനമില്ലാതെ വൈദികർമാത്രം കുർബാന നടത്തുകയാണിപ്പോൾ. വിശ്വാസികൾ ചെറുസംഘങ്ങളായി ഗേറ്റിനുപുറത്തുനിന്ന് ഇതിൽ പങ്കെടുക്കുന്നുമുണ്ട്. ബസലിക്ക തുറക്കേണ്ടത് വൈകാരികപ്രശ്നം കൂടിയായതിനാലാണ് എം.വി. ഗോവിന്ദനെ കാണാൻ വൈദികർ തീരുമാനിച്ചത്.
അതിനിടെ, അതിരൂപത ആസ്ഥാനത്ത് യോഗമോ പ്രാർഥനയോ നടത്തണമെങ്കിൽ അനുമതി വേണമെന്നു നിർദേശിച്ച് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞദിവസം പുറപ്പെടുവിച്ച സർക്കുലർ അതിരൂപത സംരക്ഷണസമിതി തള്ളി. വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന നീതിയജ്ഞം മുൻനിർത്തിയായിരുന്നു നിർദേശം.
ഭരണകർത്താക്കൾ അമിതമായി ഭയപ്പെടുമ്പോഴാണ് വിലക്കുകൾ ഏർപ്പെടുത്തുന്നതെന്ന് സംരക്ഷണസമിതി കുറ്റപ്പെടുത്തി. പ്രതിഷേധത്തിന്റെ കാരണം തേടാതെയും പരിഹാരമാർഗങ്ങൾ കാണാതെയും പിച്ചുംപേയും പറയുന്നത് ഭരണകർത്താവിനു പറഞ്ഞിട്ടുള്ളതല്ല. അഡ്മിനിസ്ട്രേറ്ററുടെ നാലുമാസത്തെ ഗ്രാഫ് നോക്കിയാൽ സഭ കണ്ട ഏറ്റവുംമോശം മെത്രാപ്പൊലീത്തയാണെന്നു വ്യക്തമാകും. സിനഡിൽ പിന്തുണച്ചിരുന്ന പല മെത്രാൻമാരും രഹസ്യമായും പരസ്യമായും ഇപ്പോൾ മാർ ആൻഡ്രൂസിനെ തള്ളിപ്പറയുകയാണ്. ഭരണത്തിൽത്തുടരാൻ അദ്ദേഹത്തിനു ധാർമിക അവകാശമില്ലെന്നും അതിരൂപത സംരക്ഷണസമിതി പി.ആർ.ഒ. ഫാ. ജോസ് വൈലിക്കോടത്ത് കുറ്റപ്പെടുത്തി.
സിനഡ് തീരുമാനം നടപ്പാക്കാൻ വത്തിക്കാൻ തന്നോടു നിർദേശിച്ചിട്ടുണ്ടെന്നും അതിൽനിന്നു പിന്നാക്കം പോകാനാകില്ലെന്നും കാണിച്ചാണ് കഴിഞ്ഞദിവസം മാർ താഴത്ത് വൈദികർക്കായി സർക്കുലർ പുറപ്പെടുവിച്ചത്. പ്രാർഥനയുടെ പേരു പറഞ്ഞുള്ള പ്രതിഷേധയോഗങ്ങൾ അനുവദിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..