തലയോലപ്പറമ്പ്: രചനകൾ നടത്തുമ്പോൾ, എഴുത്തുകാരന്റെ മനസ്സിൽ പാലാഴിമഥനമാണെന്ന് സാഹിത്യകാരൻ വി.ജെ.ജെയിംസ്. അമൃതും കാളകൂടവും ഒരുപോലെ പുറത്തുവരും. ഇതെല്ലാം അടങ്ങിയതാണ് പ്രപഞ്ചം. സ്വാതന്ത്ര്യമുണ്ടെന്ന് കരുതി കാളകൂടവിഷം സമൂഹത്തിലേക്ക് തള്ളിവിടരുത്. അവർ സമൂഹത്തെ രക്ഷിക്കാൻ വിഷം കുടിക്കുന്ന കരുണയുള്ള നീലകണ്ഠന്മാരാകണം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പ് ഡി.ബി. കോളേജിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം സാഹിത്യത്തിൽ ഇടപെടുമ്പോൾ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. മാതൃഭൂമി ശതാബ്ദിവേളയിലെ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ കേളികൊട്ടായി രാജ്യത്തിനകത്തും പുറത്തുമുള്ള നൂറ് ദേശങ്ങളിലാണ് പ്രഭാഷണങ്ങൾ നടത്തുന്നത്.
ശാസ്ത്രത്തെയും സാഹിത്യത്തെയും പരസ്പരം ബന്ധപ്പിക്കാവുന്ന കൃത്യമായ ഒരു മേഖല എഴുത്തിലുണ്ടെന്നാണ് തന്റെ അനുഭവമെന്ന് എൻജിനീയർകൂടിയായ വി.ജെ.ജെയിംസ് പറഞ്ഞു. അറിവുകളെ കൃത്യതയോടെ ക്രോഡീകരിച്ചാൽ ശാസ്ത്രമാകും. മോഷണത്തിനുവരെ ശാസ്ത്രമുണ്ട്. ബുദ്ധിക്ക് നിരക്കാത്തതൊന്നും ശാസ്ത്രം സ്വീകരിക്കാറില്ല. സാഹിത്യഭാവനയാകട്ടെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ബുദ്ധിയും മനസ്സും പ്രത്യേക അനുപാതത്തിലാകുമ്പോൾ മികച്ച സാഹിത്യരചനകൾ ഉണ്ടാകുന്നു.
സാഹിത്യം ഭാഷയിൽ അധിഷ്ഠിതമാണ്. ശാസ്ത്രത്തിനും ഒരു ഭാഷയുണ്ട്. ആ ഭാഷ ഉപയോഗിച്ച് ഒരു ശാസ്ത്രജ്ഞൻ കവിത എഴുതുമ്പോൾ അതിന്റെ പേര് റോക്കറ്റ് എന്നാകാം. റോഡും കാറുമെല്ലാം എൻജിനീയർമാർ അവരുടെ ഭാഷയിലെഴുതിയ കവിതകളാണ്.
വ്യക്തികൾ സമൂഹമാകുമ്പോൾ സമൂഹത്തിന് ഒരു മനസ്സുണ്ടാകുന്നു. പ്രപഞ്ചത്തിനും ഒരു മനസ്സുണ്ട്. അത് തിരിച്ചറിയണം. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയുള്ളവർ പ്രപഞ്ചമാനസം കണ്ടവരാണ്. അന്തിമ വിശകലനത്തിൽ പ്രപഞ്ചത്തിലുള്ളതെല്ലാം ഒന്നിന്റെതന്നെ വിവിധ അനുപാതത്തിലുള്ള രൂപങ്ങളാണെന്ന് ശാസ്ത്രവും വ്യക്തമാക്കുന്നു. ആരും ആരിൽനിന്നും ഭിന്നരല്ലെന്നതാണ് സത്യം. അത് അനുഭൂതിതലത്തിൽ ഉൾക്കൊള്ളുമ്പോൾ ആത്മീയതയാകും. ഇന്ന് മതങ്ങളുടെ പേരിൽ ഉയരുന്ന ബഹളങ്ങൾക്കപ്പുറത്താണ് യഥാർത്ഥ ആത്മീയത-വി.ജെ.ജെയിംസ് പറഞ്ഞു.
പരിപാടിയുടെ പ്രായോജകരായ ഏറ്റുമാനൂരിലെ ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ ആർ.ഹേമന്ത് കുമാർ, വി.ജെ.ജെയിംസിന് ഉപഹാരം സമ്മാനിച്ചു.
മാതൃഭൂമി കോട്ടയം ബ്യൂറോ ചീഫ് എസ്.ഡി. സതീശൻ നായർ, ഡി.ബി. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.അനിത എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജർ ടി.സുരേഷ്, ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ, ഡെപ്യൂട്ടി ചീഫ് മാനേജർ സർക്കുലേഷൻ സജി കെ.തോമസ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്കായി നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച വിദ്യാർഥി ടി.ആർ.ദീപക്കിന് സമ്മാനംനൽകി. ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരം കനകക്കുന്നിലാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..