ഇൻഷുറൻസ് നേരിട്ടെടുക്കാം; പോർട്ടൽ ഒരുങ്ങി


40 ലക്ഷം ഏജന്റുമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് സംഘടന

ആലപ്പുഴ: ഇൻഷുറൻസ് മേഖലയിൽ സമഗ്ര മാറ്റത്തിന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.) നടപടി തുടങ്ങി. വ്യക്തികൾക്ക് പോളിസി നേരിട്ടെടുക്കാമെന്നതാണു പ്രധാനമാറ്റം. അതിനായി പ്രത്യേക പോർട്ടൽ തുടങ്ങി.

ലൈഫ്, ആരോഗ്യം, വാഹനം, വിള എന്നീ പോളിസികൾ ഐ.ആർ.ഡി.എ. നിയന്ത്രണത്തിലുള്ള ഭാരതീയ ജീവൻ ബീമ സുഗം എന്ന പോർട്ടലിലൂടെയാണു നേരിട്ടെടുക്കാനാകുക. പോളിസിത്തുക പരമാവധി കുറയ്ക്കുക, കൂടുതലാളുകളെ ഇൻഷുറൻസിൽ ഉൾപ്പെടുത്തുക, രാജ്യത്ത് എല്ലായിടത്തും സേവനമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഏകജാലക സംവിധാനം കൊണ്ടുവരുന്നത്.

www.noc.irdai.gov.in എന്ന സൈറ്റിൽ ജനുവരി മുതൽ സേവനം ലഭിക്കും. ഏജന്റുമാരുടെ ചൂഷണം, പോളിസിയുടമകൾക്ക് ക്ലെയിംകിട്ടാനുള്ള താമസം, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ അനാസ്ഥ എന്നിവ മൂലം ആളുകൾക്ക് ഇൻഷുറൻസിനോടുള്ള താത്പര്യം കുറഞ്ഞുവെന്ന വിലയിരുത്തലിലാണു പരിഷ്കാരം. 2047-ഓടെ രാജ്യത്തെ എല്ലാവർക്കും ഇൻഷുറൻസ് എന്ന പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചുവരുകയാണ്. അതു വേഗത്തിലാക്കുകയെന്ന ലക്ഷ്യവുമുണ്ട്.

വിവിധ പോളിസികളിൽ നിലവിൽ 40 ശതമാനംവരെ തുക ഏജന്റുമാർക്ക് കമ്മിഷനായി പോകുന്നുണ്ട്. അതു കുറച്ചാൽ പ്രീമിയം തുക കുറയും. മറ്റാരുടെയും പ്രേരണയില്ലാതെ ഇഷ്ടപ്പെട്ടതും ആകർഷകവുമായ പോളിസി തിരഞ്ഞെടുക്കാനുമാകും. അത്‌ മത്സരം കൂട്ടുമെന്നും കുറഞ്ഞനിരക്കിൽ പോളിസിയെടുക്കാനാകുമെന്നും പരിഷ്കർത്താക്കൾ കരുതുന്നു.

എന്നാൽ, മാറ്റം ഇൻഷുറൻസ് മേഖലയെ തകർക്കുമെന്ന് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഇടനിലക്കാരില്ലെങ്കിൽ പോളിസിയുടെ ഗുണവും മതിയായ ക്ലെയിമും ഗുണഭോക്താവിനുകിട്ടാതെ പോകും. കേന്ദ്രം ഇൻഷുറൻസിനുമേൽ ചുമത്തിയ 18 ശതമാനം ജി.എസ്.ടി. മാറ്റിയാൽത്തന്നെ പോളിസിത്തുക കുറയും. ഇന്ത്യയെപ്പോലെ അവികസിത രാജ്യത്ത് ആളുകൾ സ്വയം പോളിസിയെടുക്കുമെന്നു കരുതുന്നത് മൗഢ്യമാണ്. 40 ലക്ഷത്തോളം ഏജന്റുമാരുടെ ജോലി ഇല്ലാതാകുമെന്നും സംസ്ഥാന പ്രസിഡന്റ് എം.എ. സത്താറും ജനറൽ സെക്രട്ടറി വി.എസ്. ശ്രീനിവാസനും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..