ആലപ്പുഴ: സംഘർഷത്തെത്തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാന ദേവാലയമായ സെയ്ന്റ് മേരീസ് ബസലിക്ക പൂട്ടാനിടയായ സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വൈദികർ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും കണ്ടു. അഞ്ചു വൈദികരാണ് തിരുവനന്തപുരത്തെത്തി ഇരുവരെയും കണ്ടത്.
അതിരൂപതയിലെ കുർബാനവിവാദം സംബന്ധിച്ചുള്ള കാര്യങ്ങൾ കേട്ടശേഷം എം.വി. ഗോവിന്ദനാണ് പി. ശശിയെ കാണാൻ സൗകര്യമൊരുക്കിയത്. ഇരുവരോടും പ്രശ്നങ്ങൾ വിശദമായി സംസാരിച്ചു. ഒരുവർഷമായി എറണാകുളത്തു തുടരുന്ന വിവാദ വിഷയങ്ങൾ വൈദികർ വിശദീകരിച്ചു. ക്രിസ്മസ് നോമ്പുകാലത്ത് പള്ളി പൂട്ടിക്കിടക്കുന്നതിലുള്ള വേദനയും ഇവർ പങ്കുവെച്ചു. ബസലിക്ക തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അഭ്യർഥിച്ചു.
തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിരൂപതയിലെ വിശ്വാസികളുടെ വികാരം മനസ്സിലാക്കണമെന്ന് വൈദികർ അഭ്യർഥിച്ചു. ഒരു മെത്രാപ്പൊലീത്തയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയതെന്നും ഇവർ പറഞ്ഞു.
മധ്യകേരളത്തിലെ രാഷ്ട്രീയകാലാവസ്ഥയും ചർച്ചയായതായാണു വിവരം. വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കുന്നതും ഓഗസ്റ്റ് ഏഴിനു കലൂരിൽ നടന്ന വിശ്വാസിസംഗമത്തിൽ ലക്ഷത്തോളം പേർ പങ്കെടുത്തതും വൈദികർ എടുത്തുപറഞ്ഞു. ഉന്നയിച്ച കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഇരുവരും മറുപടി നൽകി.
ബസലിക്ക തുറക്കേണ്ടത് വൈകാരികപ്രശ്നമായതിനാലാണ് രാഷ്ട്രീയ ഇടപെടലിനും ശ്രമിക്കുന്നതെന്ന് വൈദികർ പറയുന്നു. നവംബർ 27-ന് സിനഡ് കുർബാനയർപ്പിക്കാൻ അതിരൂപത അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് എത്തിയപ്പോഴുണ്ടായ സംഘർഷത്തെത്തുടർന്നാണ് പോലീസ് ബസലിക്ക പൂട്ടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..