പോലീസ് കാവലിൽ കുർബാന: വിമർശനവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്


ആലപ്പുഴ: എറണാകുളം ബസലിക്കയിൽ പോലീസ് സംരക്ഷണത്തോടെ കുർബാനയർപ്പിക്കാൻ അപ്പൊസ്തൊലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് ശ്രമിക്കുന്നതിനിടെ, അതിനു മുതിരരുതെന്നഭ്യർഥിച്ച് സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫിന്റെ ശബ്ദസന്ദേശം. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ താഴത്ത്, മറ്റു മെത്രാൻമാർ എന്നിവർക്കാണ് സന്ദേശമയച്ചിരിക്കുന്നത്.

ചുരുക്കം ഇങ്ങനെ: യേശുവിനെ ക്രൂശിക്കാനാണ് പടയാളികൾ കാവൽനിന്നത്. അങ്ങനെയുള്ള കാവലിൽ നാം അർപ്പിക്കുന്ന ബലി അതേ ബലിയാണോ? എനിക്കു വേദനയുണ്ട്. ഇത്രയുംകാലം അഭിപ്രായം പറഞ്ഞിരുന്നില്ല. സ്നേഹത്തിന്റെ ഭാഷയിൽ വിഷയം തീരണമെന്നു വിചാരിച്ചാണത്. സമാധാനമുണ്ടാകണമെങ്കിൽ ചർച്ചയുണ്ടാകണം.

മാർപ്പാപ്പ പറഞ്ഞു, ഇനി അതംഗീകരിച്ചാൽ മതിയെന്നു പറയുന്ന രീതി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സമവായത്തിനായി വത്തിക്കാനിലും നുൺഷ്യോയുടെ ഓഫീസിലും ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇതു നിങ്ങളുടെ സഭ തീരുമാനിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് നമ്മുടെ സഭ ഇനിയുമിരുന്ന് ചർച്ചചെയ്തു തീരുമാനിക്കണം.

ഈ പോക്ക് അപകടകരമാണ്. ഇന്നലെ ഒരു ജഡ്ജ് എന്നെ വിളിച്ചുപറഞ്ഞത് സിറോ ജീസസിലേക്കാണ്(സിറോ മലബാറിനു പകരമായി) നിങ്ങൾ പോകുന്നതെന്നാണ്. ഒരു മെത്രാന്റെ രാജിയിലേക്കും ഇത്രമാത്രം പ്രതിസന്ധിയിലേക്കും പോയിട്ടും ഒരു പ്രശ്നവുമില്ല എന്നുപറഞ്ഞാൽ പ്രശ്‌നമില്ലാതാകുമോ? പ്രശ്‌നമുണ്ടെന്ന് ആദ്യം അംഗീകരിക്കുക. സമവായത്തിനു ശ്രമിക്കുക.

ഇതു വൈദികരുടെയോ മെത്രാൻമാരുടെയോ മാത്രം പ്രശ്നമല്ല. സഭയുടെ പാരമ്പര്യം പിതാക്കൻമാർ കൂടിയെടുക്കുന്ന തീരുമാനമല്ല. സഭ മൊത്തത്തിൽ എടുക്കുന്ന തീരുമാനമാണ്. പിതാക്കൻമാരുടെയും സന്യസ്തരുടെയും അൽമായരുടെയും സമിതിയുണ്ടാക്കി ചർച്ചയ്ക്കു മുൻകൈയെടുക്കണം. ആ സമയത്ത് ഇരുകൂട്ടരും പരസ്യമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണം.

ഈ ക്രിസ്മസ് കാലത്ത് ഒരു പുതിയ തുടക്കമിടാമെന്നു പിതാക്കൻമാർ പറയേണ്ടേ? അതല്ലേ ഈശോ പഠിപ്പിച്ച സ്നേഹം? അതിനുവേണ്ടിയല്ലേ ഈശോ ഭൂമിയിലെത്തി സ്വയം ബലിയായിത്തീർന്നത്. ആ സ്നേഹമില്ലാതെ ബലിയർപ്പിച്ചിട്ട് എന്തുകാര്യം? ഞാൻ കാലുപിടിച്ച് അപേക്ഷിക്കുകയാണ്; സമവായത്തിനു ശ്രമിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..