കുര്യൻ ജോസഫിന്റെ വാക്കുകൾ ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു; ആയുധമാക്കി വൈദികർ


ആലപ്പുഴ: മിതഭാഷിയും തികഞ്ഞ ക്രൈസ്തവ വിശ്വാസിയുമായ ജസ്റ്റിസ് കുര്യൻ ജോസഫ് കുർബാന വിഷയത്തിൽ ചർച്ച വേണമെന്ന നിലപാട് പരസ്യമായി പറഞ്ഞത് ഔദ്യോഗിക കേന്ദ്രങ്ങൾക്കു ഞെട്ടലായി. പൊതുസമൂഹം ആദരവോടെ കാണുന്ന അദ്ദേഹം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമെന്ന് ഇരുപക്ഷവും കരുതിയിരുന്നില്ല. കുര്യൻ ജോസഫിനെ രൂക്ഷമായി വിമർശിച്ച് ഔദ്യോഗികപക്ഷത്തുള്ള ചില വൈദികർ രംഗത്തുവരുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലും രൂക്ഷവിമർശനമുണ്ട്.

എന്നാൽ, കുര്യൻ ജോസഫിനെപ്പോലുള്ളവരുടെ വാക്കുകൾ ഉൾക്കൊണ്ട് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന വികാരവും വിശ്വാസികൾ പ്രകടിപ്പിക്കുന്നു. എറണാകുളം അതിരൂപതക്കാരനാണെങ്കിലും ഭൂമിയിടപാടു മുതൽ കത്തിനിൽക്കുന്ന വിവിധ വിഷയങ്ങളിൽ അദ്ദേഹം ഏതെങ്കിലും പക്ഷത്തുനിന്നിട്ടില്ല. അതുതന്നെയാണ് ഔദ്യോഗികപക്ഷത്തുള്ളവർ വിമർശനമായി ചൂണ്ടിക്കാട്ടുന്നതും. എറണാകുളത്തു വലിയ പ്രതിഷേധ കോലാഹലങ്ങൾ ഉണ്ടായപ്പോഴും മിണ്ടാതിരുന്നയാൾ ഇപ്പോൾ പ്രതികരിച്ചതിന്റെ ഉദ്ദേശ്യശുദ്ധി അവർ ചോദ്യംചെയ്യുന്നു.

അതേസമയം, ചർച്ച വേണമെന്നു നിരന്തരം ആവശ്യപ്പെടുന്ന വൈദികർക്ക് അപ്രതീക്ഷിതമായി കിട്ടിയ ആയുധമാണ് കുര്യൻ ജോസഫിന്റെ വാക്കുകൾ. തൃശ്ശൂർ ആസ്ഥാനമായി സഭയുടെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന ചാനലിലും അദ്ദേഹത്തിന്റെ ശബ്ദരേഖ ഉൾപ്പെടുത്തി വാർത്ത വന്നു. വിവാദം വളർന്നതോടെ ബുധനാഴ്ച വൈകീട്ട് അതേ ചാനലിൽ അദ്ദേഹത്തിന്റെ വിശദീകരണവും വന്നു.

ചില വേദനകൾ പങ്കിട്ടുവെന്നല്ലാതെ പക്ഷംപിടിക്കാനോ ആരെയെങ്കിലും വിധിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിതാക്കൻമാർ പറഞ്ഞാൽ കാര്യങ്ങൾക്കു മാറ്റമുണ്ടാകുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഏഴുവയസ്സു മുതൽ സഭയെ സ്നേഹിക്കുന്ന അൽമായനാണെന്നും അദ്ദേഹം പറഞ്ഞു.

ബസലിക്കയിൽ പോലീസ് സംരക്ഷണം തേടി മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയാണ്. അതിനിടെ, സഭയിലെ വിവിധ വിഷയങ്ങളിൽ മാർപാപ്പയുടെ സജീവ ഇടപെടൽ അഭ്യർഥിച്ച് ഉന്നത സ്ഥാനങ്ങളിൽനിന്നു വിരമിച്ച ഏതാനും വിശ്വാസികൾ വത്തിക്കാനു കത്തയച്ചതായും സൂചനയുണ്ട്. വിരമിച്ച ഐ.എ.എസുകാരും പ്രൊഫസർമാരും അതിലുണ്ട്. കുർബാന വിഷയത്തെച്ചൊല്ലി ഒരു വിഭാഗം മെത്രാൻമാർ തന്നെ പരസ്യമായി ഭിന്നാഭിപ്രായം പറഞ്ഞിരിക്കെ ജനുവരിയിൽ നടക്കുന്ന സിനഡ് നിർണായകമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..