കിസാൻ സമ്മാൻ നിധിയുടെ മറവിൽ തട്ടിപ്പ്


തട്ടിപ്പ് നടത്തിയയാളെ തടഞ്ഞുവെച്ച് പണം തിരികെ വാങ്ങി

സീതത്തോട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് കൂടുതൽ സഹായം ലഭിക്കാൻ കാർഡ് വിതരണവും രജിസ്‌ട്രേഷനുമെന്ന പേരിൽ പണം തട്ടിപ്പ്. കർഷകരിൽനിന്ന് 130 രൂപ ഈടാക്കി നടത്തിയ രജിസ്‌ട്രേഷൻ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതിനൊടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച കാർഡ് വിതരണക്കാരനെ നാട്ടുകാർ ഓടിച്ചിട്ടുപിടികൂടി.

ചിറ്റാർ കൃഷി ഭവനിലാണ് വ്യാഴാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃശ്ശൂർ സ്വദേശിയായ രാജു എന്നയാളാണ് പണം വാങ്ങി കാർഡ് വിതരണവും രജിസ്‌ട്രേഷനും നടത്തിയത്.

വ്യാഴാഴ്ച രാവിലെ കാർഡ് വിതരണം തുടങ്ങി കുറെ കഴിഞ്ഞപ്പോഴേക്കും സംശയ തോന്നിയ ചില കർഷകർ കൃഷിവകുപ്പ് ഡയറക്ടറടക്കമുള്ളവരെ വിളിച്ചു. ഇത്തരമൊരു പദ്ധതി ഇല്ലെന്നായിരുന്നു ഉന്നത കൃഷി ഉദ്യോഗസ്ഥർ നൽകിയ മറുപടി. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട കർഷകർ കൃഷി ഓഫീസറടക്കമുള്ളവരെ വിവരം ധരിപ്പിച്ചു. ഇത് തർക്കത്തിനിടയാക്കിയതിനിടെ രജിസ്‌ട്രേഷനെത്തിയ ആൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മണക്കയം ഭാഗത്തേക്ക് ഓടിയ ഇയാളെ നാട്ടുകാർ പിന്നാലെ എത്തി പിടികൂടി കൃഷിഭവനിലെത്തിച്ചു. തുടർന്ന് കർഷകരിൽനിന്ന് വാങ്ങിയ മുഴുവൻ പണവും തിരികെ കൊടുപ്പിച്ചുവിട്ടയച്ചു.

രജിസ്‌ട്രേഷന് എത്തിയയാൾ നേരത്തെതന്നെ കൃഷി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നും ആക്ഷേപമുണ്ട്. കൃഷിഭവൻ അധികൃതർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ ഉൾപ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പൂകളിൽ രജിസ്‌ട്രേഷൻ വിവരം പ്രചരിപ്പിച്ചിരുന്നു. 15, 16, 17 തീയതികളിൽ നടക്കുന്ന രജിസ്‌ട്രേഷനിൽ കർഷകർ പങ്കെടുക്കണമെന്നും ഒറിജിനൽ ആധാർകാർഡും മൊബൈൽ ഫോണും രജിസ്‌ട്രേഷൻ ഫീസായി 130 രൂപയും കൊണ്ടുവരണമെന്നും അറിയിച്ചു. കൃഷിഭവനിൽനിന്നുള്ള അറിയിപ്പ് വന്നതോടെ കർഷകർ കൂട്ടത്തോടെ എത്തുകയായിരുന്നു.

ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, കണ്ണൂർ കേന്ദ്രീകരിച്ചുള്ള ഒരുസംഘമാണിതിന് പിന്നിലുള്ളതെന്ന് അറിയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..