തലയോലപ്പറമ്പ്: അർജന്റീന മെസിയിലൂടെ മൂന്നാം ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ലോകം ആവേശത്തിൽ ആറാടി. അതിലുമുപരി സന്തോഷത്തിലാണ് വടകരയിലെ ഈ ’കൊച്ചു മെസി’.
വടകര വാളോത്തിൽ എസ്. സുരേഷ്, സുനിത ദമ്പതിമാരുടെ മൂത്തമകനാണ് 14-കാരനായ എസ്. മെസി. കടുത്ത അർജന്റീന ആരാധകനായ സുരേഷ് മൂത്ത മകന് മെസി എന്ന് പേരിടുകയായിരുന്നു.
മെസിയുടെ കളിമികവ് കണ്ടപ്പോഴേ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് മകന് മെസി എന്ന് പേരിട്ടതെന്ന് സുരേഷ് പറഞ്ഞു. വെള്ളൂർ കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മെസി. മികച്ച ഫുട്ബോൾ കളിക്കാരനുംകൂടിയാണ്. കായിക അധ്യാപകൻ റോയിയാണ് പരിശീലനം നൽകുന്നത്.
2016-ൽ ബൈച്ചിങ് ബൂട്ടിയ അക്കാദമിയിൽ സെലക്ഷൻ ലഭിച്ചിരുന്നെങ്കിലും പഠിപ്പു മുടങ്ങുമെന്ന കാരണത്താൽ പോയില്ല. പഞ്ചായത്തിന്റെ അണ്ടർ 14 ടീമിന് വേണ്ടി ജില്ലാ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. വെള്ളൂർ കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്. ടെസിയാണ് സഹോദരി. അർജന്റീനയുടെ ഫുട്ബോൾ കളിക്കാരൻ കാർലോസ് തെവേസിന്റെയും മെസിയുടെയും പേരിൽനിന്നുള്ള രണ്ട് അക്ഷരം എടുത്താണ് മോൾക്ക് ടെസി എന്ന് പേരിട്ടതെന്ന് സുരേഷ് പറഞ്ഞു. തിങ്കളാഴ്ച സ്കൂളിൽ ചെന്ന മെസിയെ സുഹൃത്തുക്കൾ എടുത്തുയർത്തി ആഹ്ലാദപ്രകടനം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..