സീതത്തോട് : മണിയാർ ആംഡ് പോലീസ് ക്യാമ്പിന്റെ പരിസരത്ത് കടുവയിറങ്ങി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരമണിയോടെയാണ് ക്യാമ്പിനോടനുബന്ധിച്ചുള്ള പരേഡ് ഗ്രൗണ്ടിനെ സമീപം പോലീസുകാർ കടുവയെ കണ്ടത്. മണിയാർ-വടശേരിക്കര റോഡിന് സമീപത്തുള്ള പോലീസ് ക്യാമ്പിന്റെ ഗാർഡ് ഓഫീസിന് സമീപത്താണിത്. കടുവയെ കണ്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും വിവരം അറിയിച്ചു.
പോലീസുകാരെ കണ്ടതോടെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്ക് ഓടിപ്പോയി.. ക്യാമ്പ് പരിസരത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ക്യാമ്പിന് കൂടുതൽ സുരക്ഷ ഒരുക്കണമെന്ന്് ക്യാമ്പ്അധികൃതർ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ റിസർവ് പോലീസ് ക്യാമ്പുകളിലൊന്നാണ് മണിയാർ പോലീസ് ക്യാമ്പ് ഇവിടെ കടുവയെ കണ്ടത് പോലീസുകാർക്കിടയിലും ഭീതിപരത്തി. ക്യാമ്പിന് സമീപസ്ഥലങ്ങൾ വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനും, കുറെയധികം സ്ഥലങ്ങൾ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സ്ഥലങ്ങളുമാണ്. ഈ പ്രദേശങ്ങളെല്ലാം കാടുപിടിച്ചുകിടക്കുകയാണ്. ക്യാമ്പിൽ ജോലിചെയ്യുന്ന പോലീസുകാർക്ക് ഗാർഡ് ഡ്യൂട്ടിയും മറ്റുമുള്ളതിനാൽ രാത്രിയിലും, പുലർച്ചെയുമെല്ലാം ഇവർക്ക് നിരന്തരം ക്യാമ്പ് പരിസരത്ത് സഞ്ചരിക്കേണ്ടതായുണ്ട്. മണിയാറിനോട് ചേർന്ന കട്ടച്ചിറയിൽ അടുത്തിടെ കടുവയിറങ്ങി പശുവിനെ പിടികൂടിയിരുന്നു. ദിവസങ്ങളോളം ഇവിടെ കടുവ ഭീതിപരത്തിയതിനെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മണിയാർ-കട്ടച്ചിറ റോഡിലും പലതവണ കടുവയെ കണ്ടിട്ടുണ്ട്. മണിയാർ ക്യാമ്പിന് കുറച്ചുമാറി ജനവാസകേന്ദ്രങ്ങളുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..