കാക്കനാട്: റോഡുകൾ അപകട രഹിതമാക്കുന്നതിന് നിയമങ്ങളും ബോധവത്കരണവും മാത്രം മതിയാവില്ലെന്നും ജനങ്ങളുടെ ഉത്തരവാദിത്വപൂർണമായ ഇടപെടലുകളാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളിൽ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും രാജ്യത്ത് ഒന്നര ലക്ഷത്തോളം ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിയുന്നത്. ഇതിൽ അധികവും ഇരുചക്ര വാഹനമോടിക്കുന്നവരാണ്. ഈ പ്രശ്നത്തെ ഗൗരവത്തോടെ സമീപിക്കണം-മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്കിടയിൽ സുരക്ഷിത ഡ്രൈവിങ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് സേഫ് കാമ്പസ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 30 കോളേജുകളിലാണ് സേഫ് കാമ്പസ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ കാമ്പസുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. രാജഗിരി ബിസിനസ് സ്‌കൂളിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന റോഡ് ടു ലൈഫ് പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു.
ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷ പരിശീലന പരിപാടി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ, ജില്ലാ കളക്ടർ രേണുരാജ്, രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ഡോ. ജോസ് കുരിയേടത്ത്, വാർഡ് കൗൺസിലർ എം.ഒ. വർഗീസ്, ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, കെ. അച്യുതൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..