തിരുവല്ല: നഗരസഭയിൽ അസാധാരണ നീക്കത്തിലൂടെ യോഗം ചേർന്ന് കൗൺസിലർമാർ അജൻഡ ‘പാസാക്കി’.
നിസ്സഹകരണ നിലപാട് തുടരുന്ന ചെയർപേഴ്‌സൺ യോഗത്തിന് എത്തിയില്ല. ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഏകകണ്ഠമായാണ് അജൻഡ അംഗീകരിച്ചത്. 39-അംഗ കൗൺസിലിൽ 33 പേർ ഹാജരായി. വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭേദഗതി അംഗീകരിച്ച് ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതായിരുന്നു അജൻഡ. 100 വർഷം പിന്നിട്ട തിരുവല്ല നഗരസഭയിൽ ആദ്യമായാണ് കൗൺസിലർമാർ ചേർന്ന് കൗൺസിൽ യോഗം വിളിക്കുന്നത്. സാധാരണ ചെയർപേഴ്‌സണാണ് കൗൺസിൽ യോഗം വിളിച്ചുചേർക്കേണ്ടത്.
കൗൺസിലർമാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടും യോഗം ചേർന്നിരുന്നില്ല. ഇതോടെ മുനിസിപ്പൽ കൗൺസിൽ യോഗനടപടി ചട്ടമനുസരിച്ച് കൗൺസിലർമാർ യോഗം വിളിക്കുകയായിരുന്നു. അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കുറയാത്ത കൗൺസിലർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ യോഗം കൂടണമെന്നതാണ് ചട്ടം.
നടന്നില്ലെങ്കിൽ അവർക്ക് നേരിട്ട് മറ്റുളള കൗൺസിലർമാരെ അറിയിച്ച് യോഗംചേരാം. യു.ഡി.എഫ്. പക്ഷത്തുനിന്ന് കാലുമാറി ഇടതുമുന്നണിയിലെത്തിയ ശാന്തമ്മ വർഗീസാണ് ചെയർപേഴ്‌സൺ. പ്രത്യേക കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സണെ തള്ളി എൽ.ഡി.എഫ്. അംഗങ്ങൾ നിലപാട് എടുത്തു.
പദ്ധതി ഭേദഗതി അംഗീകരിക്കാൻ ജനവരി 13-ന് ചേർന്ന കൗൺസിലിൽ അംഗീകാരം നൽകിയതാണെന്ന നിലപാടാണ് ചെയർപേഴ്‌സണുള്ളത്. ചട്ടപ്രകാരം ഇത്തരം തീരുമാനമില്ലെന്ന് സെക്രട്ടറിയും ഭൂരിപക്ഷം കൗൺസിലർമാരും നിലപാടെടുത്തു. പദ്ധതികൾ മുടങ്ങാതിരിക്കാൻ കൗൺസിൽ ചേരണമെന്നുമുള്ള ആവശ്യം ചെയർപേഴ്‌സൺ അംഗീകരിക്കാതിരുന്നതോടെയാണ് അസാധാരണ യോഗം നടന്നത്. എല്ലാ ചട്ടങ്ങളുംപാലിച്ചാണ് തിങ്കളാഴ്ചത്തെ കൗൺസിലിൽ അജൻഡ അംഗീകരിച്ചതെന്ന് സെക്രട്ടറി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..