ഉടമയല്ലെങ്കിൽ ഇനി വാഹന ഇൻഷുറൻസ് പുതുക്കാൻ പാടുപെടും


സീതത്തോട്: സ്വന്തം പേരിലല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ഇൻഷുറൻസ് പുതുക്കൽ ബുദ്ധിമുട്ടാകും. 2023 ജനവരി ഒന്നുമുതൽ ഇൻഷുറൻസ് നിയമത്തിൽ വരുത്തിയ മാറ്റങ്ങൾമൂലമാണിത്. വാഹനത്തിന്റെ യഥാർഥ ഉടമയുടെ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖകൂടി നൽകിയാൽ മാത്രമേ ഇനി ഇൻഷുറൻസ് കമ്പനികൾ പോളിസി പുതുക്കി നൽകൂ.

വർഷങ്ങൾക്കുമുമ്പ് വാഹനം വാങ്ങിയിട്ടും ഉടമസ്ഥത മാറ്റാത്തവരും ഇടനിലക്കാരിൽനിന്ന് വാഹനങ്ങൾ വാങ്ങി, ഉടമസ്ഥരെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലാതെ അവ ദീർഘകാലമായി ഉപയോഗിക്കുന്നവരുമൊക്കെ പുതിയ വ്യവസ്ഥയിൽ വെട്ടിലാകും.

വാഹനാപകടങ്ങളിൽ ആളുകൾ മരിച്ച കേസുകളിലും, കള്ളക്കടത്ത്, മോഷണം തുടങ്ങിയവയിലും വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ യഥാർഥ ഉടമകളും, കുറ്റകൃത്യം നടത്തിയവരുമായി ഒരു ബന്ധവും ഇല്ലെന്ന് കണ്ടെത്തും. നിരപരാധികൾ ചെയ്യാത്ത കുറ്റത്തിന് ബലിയാടാകും. ഇൻഷുറൻസ് നഷ്ടപരിഹാരക്കേസുകളിലും സമാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നു.

ഇങ്ങനെയുള്ള വാഹനദുരുപയോഗം ഒഴിവാക്കുന്നതിനാണ് നിയമത്തിൽ കാതലായ മാറ്റംവരുത്തിയത്.

വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് തിരിച്ചറിയൽ രേഖയ്ക്കുപുറമേ പാൻകാർഡും കമ്പനികൾ ഇപ്പോൾ ആവശ്യപ്പെടുന്നു. ഇത് നിർബന്ധമാക്കിയിട്ടില്ല. താമസിയാതെ അതും നിർബന്ധമാക്കുമെന്നാണ് സൂചന. പുതുക്കുന്നതിനായി വെറുതേ തിരിച്ചറിയൽ രേഖ നൽകിയാലും പോളിസി ലഭിക്കില്ല. നൽകുന്ന രേഖ ഓൺലൈനായി പരിശോധിച്ച് ഉടമതന്നെയെന്ന് ഉറപ്പുവരുത്തിയാണ് പോളിസി നൽകുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..