കടുത്തുരുത്തി: പ്രവാസിമലയാളിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ. വെള്ളൂർ ഇറുമ്പയം സ്വദേശി ഇ.ടി. അജിത്കുമാറാ(38)ണ് പിടിയിലായത്.
പ്രവാസി മലയാളി, മാഞ്ഞൂർ വലിയവെളിച്ചം വീട്ടിൽ ഷാജിയുടെ സ്ഥലത്ത് തുടങ്ങുന്ന വിനോദസഞ്ചാര പദ്ധതിക്കുവേണ്ടി 20000 രൂപയും ഒരുകുപ്പി മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് കുടുങ്ങിയത്. പ്രവാസി മലയാളി 14 കോടി മുടക്കി തുടങ്ങുന്ന പദ്ധതിയുടെ പെർമിറ്റിനായി പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. എന്നാൽ, അസി. എൻജിനീയർ പെർമിറ്റിന് ശുപാർശ നൽകിയില്ല.
ജനുവരി 23-ന് പ്രവാസി മലയാളി, എൻജിനീയറുടെ ഓഫീസിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ പെർമിറ്റ് ലഭിക്കാൻ പാടാണെന്ന് പറഞ്ഞു. തുടർന്ന് ഇദ്ദേഹം എൻജിനീയർക്ക് 5000 രൂപ നൽകി. കാര്യം നടക്കാൻ ഇത് തികയില്ലായെന്ന് എൻജിനീയർ പറഞ്ഞു.
വെള്ളിയാഴ്ച ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വീണ്ടും സംസാരിച്ചു. എല്ലാം ശരിയാക്കിയിട്ടുണ്ടെന്നും അനുമതികിട്ടാൻ ഫയൽ സെക്രട്ടറിക്ക് അയയ്ക്കണമെങ്കിൽ 20000 രൂപയും, ഒരു കുപ്പി സ്‌കോച്ചുംകൂടി വേണമെന്നും അജിത്കുമാർ പറഞ്ഞു. ഓഫീസ് സമയം കഴിഞ്ഞ് മദ്യം കൊണ്ടുവന്നുതന്നാൽ മതിയെന്നും പറഞ്ഞു. പ്രവാസിമലയാളി, കോട്ടയം വിജിലൻസ് എസ്.പി. വി.ജി. വിനോദ്കുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
വൈകുന്നേരം വിജിലൻസ് സംഘം ഇടപെട്ട് പ്രവാസിയുടെ പദ്ധതിക്ക് അനുമതിയും നേടിക്കൊടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..