പന്നിത്തടം: പന്നിത്തടം ചിറമനേങ്ങാട് റോഡിന് സമീപം ഇരുനില വീടിന്റെ ബാൽക്കണിയിൽ യുവതിയേയും രണ്ടു പിഞ്ചുമക്കളേയും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവില വളപ്പിൽ വീട്ടിൽ സഫീന (28), മക്കളായ അജുവ (മൂന്ന്), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്. യു.എ.ഇ.യിൽ ജോലിചെയ്യുന്ന ഹാരിസാണ് സഫീനയുടെ ഭർത്താവ്. കുട്ടികളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സഫീന സ്വയം തീകൊളുത്തിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് ഒന്നാംനിലയിലെ കിടപ്പുമുറിയിൽ സഫീനയും മൂന്നും മക്കളും കിടന്നുറങ്ങിയത്. പള്ളിക്കുളത്തുള്ള ബന്ധുവീട്ടിൽ ഭർതൃമാതാവിനൊപ്പം കല്യാണത്തിൽ പങ്കെടുത്ത് അർദ്ധരാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയത്. പുലർച്ചെ ഉറക്കത്തിൽനിന്ന് ഉണർന്ന മൂത്ത മകൾ ആറുവയസ്സുകാരി ആയിന മാതാവിനെയും സഹോദരങ്ങളേയും കാണാതായതിനെ തുടർന്ന് പരിഭ്രമിച്ചു. തിരഞ്ഞു നടന്ന് കുട്ടി താഴെ നിലയിൽ ഫാരിസിന്റെ മാതാവിന്റെ അടുത്തെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് കിടപ്പുമുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ മൂവരുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ബാൽക്കണിയിലേക്കുള്ള വാതിൽ അടച്ചിട്ട നിലയിലായിരുന്നു. എന്നാൽ, കിടപ്പുമുറിയിൽനിന്ന് താഴേക്കുള്ള വാതിൽ തുറന്ന നിലയിലും ലൈറ്റുകളും ഫാനും ഓൺ ചെയ്ത നിലയിലും ആയിരുന്നു.
ബാൽക്കണിക്ക് താഴെനിന്ന് മണ്ണെണ്ണയുടെ അംശമുള്ള രണ്ടു പ്ലാസ്റ്റിക് കുപ്പികളും കുപ്പികൾ വെച്ചിരുന്ന പ്ലാസ്റ്റിക് കവറും കണ്ടെത്തിയിട്ടുണ്ട്. ബാൽക്കണിക്ക് സമീപത്തെ മരത്തിലെ ഇലകൾ തീയിൽ കരിഞ്ഞ നിലയിലാണ്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹാരിസിന്റെ വിദേശത്തുള്ള സഹോദരൻറെ കുടുംബവും ഈ വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ, സംഭവസമയത്ത് സഫീനയും മൂന്നു മക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആറു മാസം മുൻപാണ് ഹാരിസ് നാട്ടിലെത്തി മടങ്ങിയത്. കേച്ചേരി തൂവാനൂർ പുളിച്ചാരൻ വീട്ടിൽ ഹനീഫയുടേയും ഐഷയുടേയും മകളാണ് സഫീന.
അഡീഷണൽ എസ്.പി. ബിജു കെ. സ്റ്റീഫൻ, കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, എരുമപ്പെട്ടി എസ്.എച്ച്.ഒ. കെ.കെ. ഭൂപേഷ്, ഫിംഗർ പ്രിന്റ് സർജൻ പി.ആർ. ഷൈന, സയന്റിഫിക് ഓഫീസർ എം.എസ്. ഷംന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..