തൃശ്ശൂർ: അക്രമങ്ങളും വംശീയഹത്യകളും താരതമ്യേന കുറഞ്ഞ പോളണ്ടിൽ രണ്ടുദിവസത്തിൽ െകാല്ലപ്പെട്ടത് രണ്ടു മലയാളി യുവാക്കൾ. പാലക്കാട് പുതുശ്ശേരി സ്വദേശിയായ എസ്. ഇബ്രാഹിം (30) എന്ന എൻജിനിയർ പോളണ്ടിൽ കൊല്ലപ്പെട്ടെന്ന വിവരം വീട്ടുകാർക്ക് കിട്ടിയതിന്റെ പിറ്റേന്നാണ് തൃശ്ശൂർ ഒല്ലൂരിലെ സൂരജ് (24) കുത്തേറ്റുമരിച്ചെന്ന വിവരം ലഭിക്കുന്നത്.
താമസസ്ഥലത്ത് മരണപ്പെട്ട ഇബ്രാഹിം പത്തുമാസംമുൻപാണ് പോളണ്ടിലെ ഐ.എൻ.ജി. ബാങ്കിലെ ഐ.ടി. വിഭാഗം ഉദ്യോഗസ്ഥനായി ചേർന്നത്. ഞായറാഴ്ച കൊല്ലപ്പെട്ട സൂരജ് അഞ്ചുമാസം മുൻപാണ് പോളണ്ടിലെത്തിയത്. വാക്കുതർക്കത്തെത്തുടർന്നുണ്ടായ അക്രമത്തിലാണ് സൂരജിന് കുത്തേറ്റതെന്ന് പോളണ്ടിലെ മലയാളിസംഘടനാ പ്രവർത്തകർ പറയുന്നു. സംഭവത്തിന് പിന്നിൽ വംശീയ പ്രശ്നങ്ങളില്ലെന്നാണ് പോലീസ് അറിയിച്ചതെന്നും ഇവർ പറയുന്നു.
ഇബ്രാഹിമിന്റെ കൊലപാതകത്തെത്തുടർന്ന് ഒപ്പം താമസിച്ചിരുന്ന കെട്ടിടം ഉടമ കൂടിയായ പോളണ്ടുകാരൻ എമിലിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇബ്രാഹിം താമസസ്ഥലം മാറാനായി ഡിസംബറിൽ കത്തു നൽകിയിരുന്നു. എമിലിന്റെ ഏക വരുമാന മാർഗമായിരുന്നു ഇൗ വില്ലയുടെ വാടക. ഇബ്രാഹിം തയ്യാറാക്കിയിരുന്ന ഭക്ഷണമാണ് എമിൽ കഴിച്ചിരുന്നതും. ഇബ്രാഹിം താമസം മാറ്റിയാൽ വാടകയും ഭക്ഷണവും നിലയ്ക്കുമെന്ന ആശങ്കയാണ് കൊലപാതകത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്.
മലയാളികൾ സുരക്ഷിതർ
പോളണ്ടിൽ മലയാളികളും ഇന്ത്യക്കാരും സുരക്ഷിതരാണെന്നും ഒറ്റപ്പെട്ട അക്രമങ്ങളിൽ രണ്ടു മലയാളി യുവാക്കൾ കൊല്ലപ്പെട്ട സംഭവം ഏറെക്കാലത്തിനു ശേഷം ഉണ്ടായതാണെന്നും കേരള അസോസിയേഷൻ ഒാഫ് പോളണ്ടിന്റെ സെക്രട്ടറി ചന്ദ്രമോഹൻ നെല്ലൂർ പറഞ്ഞു. രണ്ടു കൊലപാതകങ്ങൾ രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലാണ്. അക്രമികൾക്കും കൊലപാതകികൾക്കും നേരെ മുഖം നോക്കാതെ കർശന നടപടിയാണ് പോളണ്ട് സ്വീകരിക്കുന്നത്. കഴിഞ്ഞവർഷം പോളണ്ടിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ആത്മഹത്യ ചെയ്തിരുന്നു. അടുത്ത കാലത്തൊന്നും ഇന്ത്യക്കാർ ഇവിടെ കൊല ചെയ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രമോഹൻ നെല്ലൂർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..