കണ്ണൂർ: ഡി.എൻ.എ. ഒഴികെയുള്ള രാസപരിശോധന വേഗത്തിലാക്കാൻ സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിൽ ഫൊറൻസിക് ലാബുകൾ പ്രവർത്തനം തുടങ്ങി. ജില്ലാ ഫൊറൻസിക് സയൻസ് ലാബുകളാണ് (ഡി.എഫ്.എസ്.എൽ.) സജ്ജമായത്. സാമ്പിൾ പരിശോധന തുടങ്ങിയതോടെ ക്രൈം കേസുകളുടെ തീർപ്പിന് വേഗം കൂടും. അതത് ജില്ലകളിലെ കേസുകൾ ആ ജില്ലയിൽതന്നെ തീർക്കാം. കെമിസ്ട്രി ഡിവിഷൻ സജ്ജമായെങ്കിലും നർക്കോട്ടിക് സാമ്പിൾ തത്കാലം എടുക്കില്ല.
ജില്ലാ പോലീസ് മേധാവികൾക്കാണ് ലാബുകളുടെ ചുമതല. കണ്ണൂരിലും തൃശ്ശൂരിലും തിരുവനന്തപുരത്തും ഫൊറൻസിക് ജോയിന്റ് ഡയറക്ടർമാർക്കാണ് മേൽനോട്ടം. റീജണൽ ലാബുകളിലെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ജില്ലാ ലാബുകളിൽ അധികചുമതല നൽകി. ജില്ലാ ലാബുകളിൽ സയന്റിഫിക് ഓഫീസർമാരെയാണ് നിയമിച്ചത്.
വയനാട് ഒഴികെയുള്ള ജില്ലകളിൽ കേസ് എടുത്തുതുടങ്ങി. കെട്ടിട നിർമാണം പൂർത്തിയായാലുടൻ വയനാട്ടിലും സാമ്പിൾ പരിശോധന തുടങ്ങുമെന്ന് സംസ്ഥാന ഫൊറൻസിക് ആൻഡ് സയൻസ് ലാബ് ഡയറക്ടർ ഡോ. പ്രദീപ് സജി പറഞ്ഞു.
ബയോളജി വിഭാഗത്തിൽ രക്തം, സെമൻ, സൈബർ വിഭാഗത്തിൽ മൊബൈൽ ഫോൺ, ഹാർഡ് ഡിസ്‌ക്, ഫിസിക്‌സ്, കെമിസ്ട്രി വിഭാഗത്തിൽ അപകട കേസുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
ഡി.എൻ.എ. പരിശോധനാസൗകര്യം കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം പോലീസ് ഫൊറൻസിക് സയൻസ് ലാബുകളിലേ ഉള്ളൂ.
നർക്കോട്ടിക് സാമ്പിൾ പുറത്ത്
നിയമപ്രശ്‌നം കാരണം നർക്കോട്ടിക് സാമ്പിൾ ഫയലിൽ സ്വീകരിക്കുന്നില്ല. അതുകാരണം പരിശോധനയും ഇപ്പോൾ നടക്കുന്നില്ല. സി.ആർ.പി.സി. പ്രകാരം അസിസ്റ്റന്റ് ഡയറക്ടർമാർ, അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർ എന്നിവർക്കാണ് ചുമതല. ജില്ലാ ലാബുകളിൽ എ.ഡി.മാരില്ല. സയന്റിഫിക് ഓഫീസർമാരാണുള്ളത്. അവർക്ക് സാമ്പിൾ വാങ്ങി സൂക്ഷിക്കാനുള്ള അധികാരമില്ല. അതിനാൽ സി.ആർ.പി.സി. നിയമവശം പരിശോധിച്ച് തുടർനടപടി എടുക്കാനാണ് നീക്കം.
കോഴിക്കോട്, എറണാകുളം റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലും (ആർ.സി.ഇ.എൽ.) തിരുവനന്തപുരം സി.ഇ.എല്ലിലും 12,000 സാമ്പിൾ പരിശോധന കാത്തുകിടപ്പുണ്ട്. കണ്ണൂർ റീജണൽ ഫൊറൻസിക് ലാബിലെ രസതന്ത്രവിഭാഗത്തിൽ 600 മയക്കുമരുന്ന് സാമ്പിൾ ഇതുവരെ തൊട്ടില്ല. ജില്ലാ ലാബുകൾ കൂടി സജ്ജമായാൽ മാത്രമേ കഞ്ചാവുമുതൽ അതിമാരക ഫെന്റാനൈൽവരെയുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ പരിശോധിക്കാനാകൂ. സജ്ജീകരണങ്ങൾ പൂർത്തിയായിട്ടും കണ്ണൂരിൽ നർക്കോട്ടിക് ഡിവിഷൻ തുടങ്ങാത്തതും തിരിച്ചടിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..