എക്‌സൈസിനു നേരേ നായയെ അഴിച്ചുവിട്ടു ; ലഹരിവിൽപ്പനക്കാരൻ അറസ്റ്റിൽ


കാക്കനാട്: നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനിയെ തന്ത്രപൂർവം പിടികൂടി. തുതിയൂർ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവന്ന കാക്കനാട് നിലംപതിഞ്ഞമുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ.യും മൂന്ന്ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പരിശീലനം നൽകിയ സൈബീരിയൻ ഹസ്കി ഇനത്തിലുള്ള നായയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചത്.

ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോയും ഇന്റലിജൻസ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും പട്ടിയെ മുറിയിൽ അഴിച്ചുവിട്ടിരിക്കുന്നതിനാൽ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ റൂമിൽ പ്രവേശിച്ച എക്സൈസ് സംഘം പട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്‌പ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാൽ പിടിയിലായ ശേഷവും ലിയോൺ റെജി അക്രമസ്വഭാവം കാണിക്കുകയും അലറി വിളിക്കുകയും ചെയ്തു.

നാലു ദിവസം മുൻപാണ് തുതിയൂർ സെയ്ന്റ് ജോർജ് കപ്പേള റോഡിലെ വീട്ടിൽ ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രതി വാടകയ്ക്ക് താമസം തുടങ്ങിയത്. ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുന്ന ഇയാൾ വീടിന് പുറത്ത് ഇറങ്ങിയിരുന്നില്ല.

മയക്കുമരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകിയാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽവെച്ചു തന്നെ ഇടപാട് നടത്തുകയുമായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെതിരേയും നടപടിയുണ്ടാകും.

മയക്കുമരുന്ന് ഗ്രാമിന് 2500 രൂപയ്ക്ക് വാങ്ങി 4000 മുതൽ 6000 രൂപവരെ നിരക്കിൽ വിൽപ്പന നടത്തിവരുകയായിരുന്നു. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, സ്ട്രൈക്കിങ് ഫോഴ്സ് ഇൻസ്പെക്ടർ സിജോ വർഗീസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി, സ്പെഷ്യൽ സ്ക്വാഡ് സി.ഇ.ഒ. ടി.ആർ. അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..