റാന്നി: ദളിത് കുടുംബങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന പൊതുകിണർ മൂടിയെന്ന പരാതിയിൽ ആലപ്ര താന്നിക്കുഴി വെള്ളപ്ലാമുറിയിൽ സെബാസ്റ്റ്യൻ തോമസ് (ബിനു തോമസ്-46) അറസ്റ്റിലായി. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ഹൈക്കോടതി ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്നപേരിൽ കക്ഷികളിൽനിന്ന് പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യം നേടിയ ബൈജു സെബാസ്റ്റ്യന്റെ ബന്ധുവാണ് ഇയാൾ.
കിണർ മൂടാൻ നേതൃത്വം നൽകിയത് സെബാസ്റ്റ്യൻ തോമസാണെന്ന് റാന്നി പോലീസ് പറഞ്ഞു. ബൈജു സെബാസ്റ്റ്യനേയും ഇതിൽ പ്രതിചേർത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട മറ്റൊരുകേസിൽ ഹൈക്കോടതിയിൽനിന്ന് ബൈജു അടക്കമുള്ളവർക്ക് മുൻകൂർജാമ്യം ലഭിക്കുകയും വിവാദമായപ്പോൾ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. ഇൗ കേസിൽ സെബാസ്റ്റ്യൻ തോമസ് പ്രതിയായിരുന്നില്ല.
2022 ജനുവരി 15-നാണ് മന്ദമരുതി വട്ടാർ കയത്തെ കിണർ ഇടിച്ചുനിരത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പട്ടികജാതി പട്ടികവർഗ പീഡനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കേസുകളിലാണ് റാന്നി ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാർ സെബാസ്റ്റ്യൻ തോമസിനെ അറസ്റ്റുചെയ്തത്. കിണർ മൂടിയദിവസം ഇയാൾ സ്ഥലത്തുണ്ടായിരുന്നുവെന്നും ഒട്ടേറെപ്പേരെ ഈ ടവറിന്റെ പരിധിയിൽ വെച്ച് ഫോണിൽ ബന്ധപ്പെട്ടതടക്കമുള്ള തെളിവുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ഉപയോഗിച്ച കിണർ മൂടുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തതടക്കമുള്ള കേസുകളിലെയും പ്രതിയാണ് ബൈജു സെബാസ്റ്റ്യനെന്നും ഇയാളെ ഉൾപ്പെടെ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സെബാസ്റ്റ്യൻ തോമസിനെ റിമാൻഡുചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..