യുവത്വം പ്രതികരിക്കുന്നുണ്ട്; അവരിൽ പ്രതീക്ഷയുണ്ട്-നസിറുദ്ദീൻ ഷാ


തൃശ്ശൂർ: പുതുതലമുറ കൂടുതലായി നാടകരംഗത്തേക്കു കടന്നുവരുന്നുണ്ടെന്നും പ്രതികരിക്കുന്ന അവരിൽ പ്രതീക്ഷയുണ്ടെന്നും നടൻ നസിറുദ്ദീൻ ഷാ. എഴുത്തിലും സംവിധാനത്തിലും സജീവമായ അവരുടെ ചിന്തകളും ചോദ്യങ്ങളും നാടകത്തിലൂടെ ഉന്നയിക്കുന്നുണ്ട്. അവർ സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അറിയില്ല. പക്ഷേ, അവർ പ്രതികരിക്കുന്നുണ്ട്. അതിനാൽ അവരിൽ പ്രതീക്ഷയുണ്ട്- തൃശ്ശൂരിലെ സ്കൂൾ ഒാഫ് ഡ്രാമയിൽ പ്രഥമ അന്താരാഷ്ട്ര തിയേറ്റർ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കുറച്ചു വർഷങ്ങളായി ആവിഷ്കാരസ്വാതന്ത്ര്യം തടയപ്പെടുന്നതിൽ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. അധികാരം കൈയാളുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ അത് നഷ്ടപ്പെടുമെന്നുറപ്പാണ്. അതിനാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പ്രതീക്ഷ കൈവിടരുത്. എന്ത് ചെയ്യുന്നുവോ അത് തുടരുക. ചെയ്യുന്നതൊന്നും നിർത്തരുത്. ചെയ്തുകൊണ്ടേയിരിക്കുക.

സിനിമകളെക്കാൾ സ്വാതന്ത്ര്യം കൂടുതലാണ് നാടകങ്ങളിൽ. നാടകരംഗം ഇപ്പോഴും സജീവമാണ്. അഭിനേതാക്കളും അണിയറക്കാരും നേരിട്ടെത്തുന്ന കലയാണ് നാടകം. ലക്ഷങ്ങൾ ചെലവിട്ട് നാടകങ്ങൾ നിർമിക്കുന്നതിനോട് വിയോജിപ്പണ്ട്. വീഡിയോ പ്രൊജക്ഷനുകളായും ലൈറ്റിങ്ങായും നാടകസ്വഭാവം മാറ്റിമറിയപ്പെടുന്നുണ്ട്. അങ്ങനെ ചെയ്യുന്നവർക്ക് സിനിമ എടുത്തുകൂടെ. എന്തിന് നാടകം എടുക്കണം. അരങ്ങിൽ മനുഷ്യജീവിതങ്ങളാണ് തുടിക്കേണ്ടത്. അവ ആസ്വാദകരിലേക്ക് അലിയണം. മനുഷ്യബന്ധങ്ങൾ അതിലൂടെ ഉടലെടുക്കണം. എന്റെ ഒരു നാടകങ്ങളിലും ഇത്തരം ഗിമ്മിക്കുകൾ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കുകയുമില്ല-അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..