റിട്ട. അധ്യാപികയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ


വാടാനപ്പള്ളി: ഗണേശമംഗലത്ത് 74 വയസ്സുള്ള റിട്ട. അധ്യാപകയെ വീട്ടിൽ കയറി കുത്തിക്കൊന്നു. പ്രതിയായ 68-കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി.

ഒറ്റയ്ക്ക്‌ താമസിച്ചിരുന്ന വാലിപ്പറമ്പിൽ വസന്തയാണ് മരിച്ചത്. ഗണേശമംഗലം മുത്താംപറമ്പിൽ ജയരാജനെ (മണി) യാണ് പോലീസ് പിടികൂടിയത്. തളിക്കുളം എസ്.എൻ.വി.യു.പി. സ്‌കൂളിലെ റിട്ട. അധ്യാപികയാണ് വസന്ത. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് പുറത്തിറങ്ങിയ വസന്തയെ ജയരാജൻ കുത്തിയ ശേഷം തള്ളി വീഴ്ത്തി സ്വർണമാലയെടുത്ത് കടക്കുകയായിരുന്നു. എന്നാൽ, കവർച്ച മാത്രമായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. പൂർവ വൈരാഗ്യം ഉള്ളതായി സൂചനയുണ്ട്. വീടിനകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. മൃതദേഹത്തിൽ അഞ്ച് കുത്തുകളേറ്റിട്ടുണ്ട്. ഇഷ്ടികത്തിണ്ടിൽ തലയടിച്ച് വീണ നിലയിലായിരുന്നു മൃതദേഹം. ചുറ്റും മതിലുള്ള വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നു.

കരച്ചിൽകേട്ട് അയൽക്കാരി ഫോൺ ചെയ്‌തെങ്കിലും വസന്ത ഫോൺ എടുത്തില്ല. വിവരം പറഞ്ഞപ്പോൾ ചിലർ മതിൽ ചാടി ഉള്ളിലെത്തി. വസന്ത വീണു കിടക്കുന്നത് കണ്ടു. ഇവർ പുറത്ത് വന്ന് അറിയിച്ചതനുസരിച്ച് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. അതിന് മുമ്പേ ജയരാജൻ സ്ഥലം വിട്ടു.

സൈക്കിളിൽ പുലർച്ചെ വസന്തയുടെ വീട്ടു മതിൽ ചാടിക്കടന്ന് അടുക്കള ഭാഗത്ത് പതിയിരുന്നു. വസന്ത പുറത്തിറങ്ങിയപ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം വന്ന വഴിയെത്തന്നെ മതിൽച്ചാടി സൈക്കിളിൽ വീട്ടിലേക്ക് പോയി. വീട്ടിൽ നിന്നാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ജയരാജനെ പിടികൂടിയത്. ആദ്യം നിഷേധിച്ചെങ്കിലും ചോദ്യം ചെയ്യലിൽ വസന്തയുടെ വീട്ടിൽ പോയതായി ഇയാൾ സമ്മതിച്ചു. കവർന്ന ആഭരണം ജയരാജന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. പോലീസ് നായ മണം പിടിച്ച് ജയരാജന്റെ വീട്ടിൽ വന്ന് നിൽക്കുകയും ചെയ്തു. ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രെ, ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സന്തോഷ്, സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരും സ്ഥലത്തെത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..