ഓട്ടത്തിൽ തീപിടിക്കുന്ന വാഹനങ്ങൾ; വില്ലൻ ഷോർട്ട് സർക്യൂട്ട്


2 min read
Read later
Print
Share

അധികഫിറ്റിങ് അപകടകാരി

കണ്ണൂർ: ഓട്ടത്തിനിടയിൽ വാഹനങ്ങൾക്ക് തീ പിടിച്ചുള്ള അപകടങ്ങൾ കൂടുന്നു. കണ്ണൂരിൽ തീപിടിച്ച വാഹനം വ്യാഴാഴ്ച രണ്ടു ജീവനെടുത്തു. ഭൂരിഭാഗം തീപ്പിടിത്തത്തിനും കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ്. അടുത്തിടെ കാർ, ബൈക്ക് ഉൾപ്പെടെ വാഹനങ്ങൾക്ക് തീ പിടിച്ചപ്പോൾ ഇറങ്ങി രക്ഷപ്പെടാനുള്ള സാവകാശമെങ്കിലും യാത്രക്കാർക്ക് ലഭിച്ചിരുന്നു. കൃത്യമല്ലാത്ത വയറിങ്ങും വാഹനത്തിന്റെ രൂപമാറ്റവും ഓട്ടത്തിനിടയിൽ അപകടം വിളിച്ചുവരുത്തും. കണ്ണൂർ ജില്ലയിൽ മാത്രം ഒരുവർഷത്തിനിടെ 12 വാഹനങ്ങൾക്ക് തീപിടിച്ചിട്ടുണ്ട്. ഇന്ധനം, എൻജിൽ ഓയിൽ എന്നിവയുടെ ചോർച്ചയും തീപിടിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രൂപമാറ്റത്തിനൊപ്പം അധിക ഫിറ്റിങ്സും വാഹനങ്ങളിലെ വലിയ അപകടകാരിയാണ്. അനാവശ്യ ഹെഡ്‌ലൈറ്റ്‌ അടക്കം ഘടിപ്പിക്കുമ്പോൾ ഇലക്ട്രിക്കൽ വയറിങ് കൃത്യമാവില്ല. നിശ്ചിത വാട്ട്‌സ് ബൾബുകൾ ഘടിപ്പിക്കേണ്ട ഹോൾഡറുകളിൽ അധിക വാട്ട് ബൾബുകൾ കത്തിക്കുന്നത് അപകടവഴിയാണ്. കൂടുതൽ ഹോണുകളും ലൈറ്റിന്റെ ആർഭാടവും സ്പീക്കറുകളും തീപിടിക്കാൻ കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം രൂപമാറ്റത്തിന് താഴ്ന്ന നിലവാരത്തിലുള്ള കനം (ഗേജ്) കുറഞ്ഞ വയർ ആണ് ഉപയോഗിക്കുന്നത്. വയർ കരിയുന്നതിനും തീപ്പിടിത്തത്തിനും ഇത് ഇടയാക്കും. ശരിയായി ഘടിപ്പിക്കാത്ത ബാറ്ററി, സ്റ്റീരിയോ വരെ ചിലപ്പോൾ തീപ്പിടിത്തത്തിന്‌ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

ഗ്യാസിലേക്ക് മാറുന്ന പഴയ വാഹനങ്ങളിൽ ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. നിരന്തരമായ പരിചരണം ഇവയ്ക്ക് വേണം.

വയറിങും ഫ്യൂസും ശ്രദ്ധിക്കണം

വാഹനത്തിന്റെ വയറിങ്ങും ഫ്യൂസും മാറ്റുമ്പോൾ കൃത്യമായ ഗേജിലും ഇൻസുലേഷനിലും ഉള്ളവതന്നെയെന്ന് ഉറപ്പുവരുത്തണം. നിർമാണ കമ്പനിയുടെ അനുമതിയില്ലാതെ വയറിങ് ലൂപ്പ് നടത്തരുത്. രൂപമാറ്റവും അധിക ഫിറ്റിങ്സും വാഹനങ്ങളിൽ തീപിടിക്കാനുള്ള പ്രധാന കാരണമാണ്.

-ഇ.എസ്. ഉണ്ണിക്കൃഷ്ണൻ

ആർ.ടി.ഒ. കണ്ണൂർ

തീ പിടിക്കുന്നവ വെക്കരുത്-

അഗ്നിരക്ഷാസേന ഇന്റലിജൻസ് വിഭാഗം

വേഗത്തിൽ തീ പിടിക്കുന്ന വസ്തുക്കൾ വാഹനത്തിനുള്ളിൽ വെക്കരുത്. ഇന്ധനങ്ങൾ, സാനിറ്റൈസർ അടക്കം ശ്രദ്ധിക്കണം. തീ ഉള്ളിലേക്ക് പടർന്ന് ആളിക്കത്താൻ ഇത് കാരണമാകും. വാഹനങ്ങളിലിരുന്ന് പുകവലിക്കരുത്. വാഹനം കൃത്യമായി പരിപാലിക്കുക (സർവീസിങ്) എന്നതാണ് ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ പ്രധാനമായി ചെയ്യേണ്ടതെന്ന് കണ്ണൂർ അഗ്നിരക്ഷാസേന മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.പി. ധനേഷ് പറഞ്ഞു. സ്വയംമാറ്റൽപ്രവൃത്തി ചെയ്യരുത്. ഗുണനിലവാരമില്ലാത്ത ചാർജറുകൾ ഉപയോഗിക്കരുത്.

ഒറിജിനൽ ഉപയോഗിക്കണം-വാഹന സർവീസ് എൻജിനിയർമാർ

വയറിങ്ങടക്കം മാറ്റുമ്പോൾ വാഹന കമ്പനി നിർദേശിച്ച ഒറിജിനൽ യന്ത്രഭാഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകും. വാഹനത്തിന്റെ സെന്റർ ലോക്ക് സംവിധാനം ഉൾപ്പെടെ തകരാറിലാകുന്നത് ജീവന് ഭീഷണിയാണ്. വാഹനങ്ങളിലുള്ള ഫ്യൂസ് ഒരു മുന്നറിയിപ്പാണ്. അത് ശ്രദ്ധിക്കണം. ഇപ്പോഴുള്ള ബി.എസ്.-ആറ് വാഹനങ്ങൾ രൂപമാറ്റം നടത്തുന്നത് അപകടകരമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..