കണ്ണൂർ: “കാറിനുള്ളിൽ തീ ആളിപ്പടരുമ്പോൾ അവർ രണ്ടുപേരും രക്ഷിക്കണേയെന്ന് നിലവിളിച്ചു. ഡ്രൈവർസീറ്റിലിരുന്ന ആൾ കാറിന്റെ ഡോർ തുറക്കാനുള്ള ശ്രമത്തിലായിരുന്നു. പുറത്തിറങ്ങിയവരാകട്ടെ, എന്തുചെയ്യണമെന്നറിയാതെ നിലത്തുവീണ് നിലവിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാനും...” - കണ്ണൂരിൽ കാർ കത്തിയുണ്ടായ അപകടം നേരിൽ കണ്ട കണ്ണൂർ മാർക്കറ്റ് റോഡിലെ വാൻഡ്രൈവർ കാപ്പാട് സ്വദേശി എൻ. സജീർ പറയുന്നു.
ജില്ലാ ആസ്പത്രിഭാഗത്തേക്ക് പോകുകയായിരുന്ന സജീർ പെട്ടെന്നാണ് മുന്നിലുള്ള കാറിൽനിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. വണ്ടി നിർത്തി ഓടിയെത്തുമ്പോഴേക്കും കാറിന്റെ പിൻസീറ്റിലുള്ളവർ പുറത്തിറങ്ങിയിരുന്നു. എന്നാൽ മുൻസീറ്റിലുള്ളവരെ പുറത്തെത്തിക്കാൻ നാട്ടുകാരടക്കം അഞ്ചാറുപേർ ശ്രമിച്ചെങ്കിലും തീ പടരുന്നതിനാൽ പറ്റിയില്ല.
“കല്ല് ഉപയോഗിച്ച് ഗ്ലാസ് തകർത്ത് രക്ഷിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതിനിടയിൽ രണ്ടുപേരെയും തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ദാരുണരംഗം കണ്ട് കൈകാലുകൾ തളർന്നുപോകുന്നത് പോലെ തോന്നി. ഇതിനിടയിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനമേറ്റെടുത്തു” -സജീർ പറഞ്ഞു.
ഒരാൾ ഓടിയെത്തി വിവരമറിയിച്ച ഉടനെ ടീം അപകടസ്ഥലത്ത് എത്തിയെന്ന് അഗ്നിരക്ഷാസേന കണ്ണൂർ യൂണിറ്റ് ഓഫീസർ കെ.വി. ലക്ഷ്മണൻ പറഞ്ഞു. 30 സെക്കൻഡിനുള്ളിൽ അവിടെ എത്തി. അരമിനിറ്റിനുള്ളിൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചു. കട്ടർ ഉപയോഗിച്ച് ഡോർ തകർത്താണ് ദമ്പതിമാരെ പുറത്തെടുത്തത്. പിറകിലെ ഡോറിലൂടെ പ്രജിത്ത് പുറത്ത് കടക്കാനുള്ള ശ്രമം നടത്തിയതായി മനസ്സിലാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..