കണ്ണൂർ: കാർ കത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്ന പുണെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന്് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാറുകളുടെ യന്ത്രത്തകരാറാണോ അപകടങ്ങൾക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം. കണ്ണൂരിൽ കാർ കത്തി രണ്ടുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കാറുകളിലെ പെട്രോൾ ചോർച്ച; വണ്ടിനെ ലാബിൽ പരിശോധിച്ചു
കണ്ണൂർ: കാറുകളിലെ റബ്ബർ ഹോസ് (പൈപ്പ്) തുരന്ന് ചെറു ദ്വാരങ്ങൾ ഉണ്ടാക്കി പെട്രോൾ ചോർച്ച ഉണ്ടാക്കുന്ന വണ്ടിനെ ലാബിൽ പരിശോധനക്കെത്തിച്ചു. വെള്ളായിനി കാർഷിക സർവകലാശാലയിലെ ഡോ.കെ.ഡി.പ്രതാപനാണ് പരിശോധിക്കുന്നത്.
വണ്ടു മൂലം കേരളത്തിലെ നൂറുകണക്കിന് കാറുകളിൽ പെട്രോൾ ചോർച്ച സംഭവിച്ചിരുന്നു. ഇന്ധനം ചോരുന്നുവെന്നത് മാത്രമല്ല, വാഹനം തന്നെ കത്തി പോകുന്ന അവസ്ഥ വരെ ഉണ്ടായി. സ്‌കോളിറ്റിഡേ കുടുബത്തിൽ പെട്ട (സ്‌കോളിറ്റഡ് )വണ്ടുകളാണ് ഇതിന് പിന്നിലെന്ന് എന്റമോളജി വിഭാഗം, ടാക്‌സോണമിസ്റ്റുകൾ വിലയിരുത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് ലാബിൽ എത്തിച്ചത്.
സ്‌കോളിറ്റിഡേ കുടുബത്തിൽ പെട്ട (സ്‌കോളിറ്റഡ് )വണ്ടാണിതെന്ന് സ്ഥിരീകരിച്ചതായി ഡോ.പ്രതാപൻ
പറഞ്ഞു. സൈലോസാൻഡ്രസ് സ്പീഷീസ് ആണെന്ന നിഗമനത്തിലാണ് ഇപ്പോഴുള്ളത്.
കാലിക്കടവ് ആണൂരിൽ വർക്ക് ഷോപ്പ് നടത്തുന്ന മെക്കാനിക് കെ.പവിത്രനാണ് പൈപ്പിൽ നിന്ന് വണ്ടിനെ ശേഖരിച്ചത്. പടന്നക്കാട് കാർഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ.കെ.എം.ശ്രീകുമാറും സംഘവും ഇതിനെ വെള്ളായനിയിലേക്ക് വിദഗ്ധ പഠനത്തിന് അയച്ചു.ഈ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ചിലർ കത്തയച്ചിരുന്നു.വിഷയത്തിൽ ഇടപെടണമെന്നായിരുന്നു ആവശ്യം. ദേശീയ-സംസ്ഥാന കമ്മീഷനുകൾ പരാതിയായി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..