തിരുവല്ല: കുട്ടികൾ നോക്കി നിൽക്കേ ആയയെ മർദിച്ച അധ്യാപികയെ ജോലിയിൽനിന്ന് തത്കാലം മാറ്റി നിർത്തി. ഇരുവെള്ളിപ്പറ ഗവ. എൽ.പി. സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗം അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് മാറ്റി നിർത്തിയത്. പി.ടി.എ. ഉപസമിതിയുടെ നിർദേശപ്രകരമാണ് നടപടി.
വ്യാഴാഴ്ച സ്‌കൂളിലെത്തിയ അധ്യാപികയെ ക്ലാസ് എടുക്കാൻ അനുവദിച്ചില്ല. പ്രീ-പ്രൈമറി വിഭാഗത്തിൽ എത്തിയ ഏഴ് കുട്ടികളെ പ്രൈമറി സ്‌കൂളിലെ ക്ലാസിലേക്ക് മാറ്റിയിരുത്തി. ക്ലാസ് എടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രഥമാധ്യാപികയുടെ മുറിയിൽ കുറേനേരം ശാന്തമ്മ നിന്നു. പി.ടി.എ. സമിതിയുടെ തീരുമാനം അച്ചടിച്ച് ശാന്തമ്മ സണ്ണിയ്ക്ക് പ്രഥമാധ്യാപിക കൈമാറിയെങ്കിലും അവർ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതിനിടെ പോലീസും സ്ഥലത്ത് എത്തി.
ഉച്ചകഴിഞ്ഞ് മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളെ വിളിച്ചുകൂട്ടി തീരുമാനം എടുക്കാൻ പോലീസ് നിർദേശിച്ചു. പി.ടി.എ. യോഗം വിളിച്ചെങ്കിലും കുറച്ച് രക്ഷിതാക്കൾ മാത്രമാണ് എത്തിയത്. വെള്ളിയാഴ്ച പി.ടി.എ. യോഗം ചേരാൻ തീരുമാനിച്ചു. യോഗത്തിലെ തീരുമാനം അനുസരിച്ച് തുടർനടപടി ഉണ്ടാകും. ആയ ബിജു മാത്യു(ബിജി)വിനെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ക്ലാസ് മുറിയിൽവെച്ച് മർദ്ദിച്ചത്. ഇരുവരും തമ്മിൽ മുമ്പും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് നിരീക്ഷണത്തിനായി വെച്ച ക്യാമറയിൽ മർദ്ദനരംഗം പതിഞ്ഞിരുന്നു. ബിജി അവധിയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..