അഡ്വ. സൈബി ജോസ് | Photo: Screengrab/Mathrubhumi News, Facebook/Adv. Saiby Jose Kidangoor
കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷകനും അഭിഭാഷക അസോസിയേഷൻ ഭാരവാഹിയുമായ സൈബി ജോസ് കിടങ്ങൂരിനെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ അനുകൂല വിധി വാങ്ങി നൽകുന്നതിന് കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്നു പറഞ്ഞ് കക്ഷികളെ സൈബി വിശ്വസിപ്പിച്ചു. കേസുകൾക്കായി അമിതമായി പണം ഈടാക്കി കക്ഷികളെയും മറ്റുള്ളവരെയും വഞ്ചിച്ച് നിയമ വ്യവസ്ഥയ്ക്ക് എതിരായി പ്രവർത്തിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് സെൻട്രൽ പോലീസ് എഫ്.ഐ.ആർ. സമർപ്പിച്ചത്. അഴിമതി നിരോധന നിയമം വകുപ്പ് 7 (1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരം ജാമ്യമില്ലാത്ത കേസാണ് സൈജുവിനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2020 ജൂലായ് 19 മുതൽ 2022 ഏപ്രിൽ 29 വരെയുള്ള രണ്ടുവർഷമാണ് കക്ഷികളിൽനിന്ന് സൈബി അമിതമായി പണം വാങ്ങിയിരിക്കുന്നതെന്നും എഫ്.െഎ.ആറിലുണ്ട്. എഫ്.ഐ.ആറിനൊപ്പം കൊച്ചി സിറ്റി പോലീസ് കമ്മിഷണർ നടത്തിയ പ്രഥമ അന്വേഷണത്തിന്റെ റിപ്പോർട്ടും കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.
കേസന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക ടീം ഉടൻതന്നെ അന്വേഷണം തുടങ്ങും. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്.പി. കെ.എസ്. സുദർശനാണ്.
നടിയെ പീഡിപ്പിച്ച കേസിൽ പ്രതിേചർക്കപ്പെട്ട സിനിമാ നിർമാതാവിന് മുൻകൂർ ജാമ്യം വാങ്ങി നൽകാൻ ജഡ്ജിക്കെന്നു പറഞ്ഞ് സൈബി 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടികൾ ഉണ്ടായത്. പിന്നാലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് സൈബി ലക്ഷക്കണക്കിനു രൂപ വാങ്ങിയെന്ന ആരോപണവും ഉയർന്നു. പത്തനംതിട്ട റാന്നി പോലീസ് പട്ടികജാതി-വർഗ പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച കേസിലും കക്ഷികളിൽനിന്ന് കൈക്കൂലി എന്ന നിലയിൽ പണം വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..