റാന്നി: വടശ്ശേരിക്കര കൊമ്പനോലിയിൽ ടാർ മിക്സിങ് യൂണിറ്റും ട്രാക്ടറും താഴ്ചയിലേക്ക് മറിഞ്ഞ് ട്രാക്ടർ ഡ്രൈവർ മരിച്ചു. ഇടുക്കി ചെറുതോണി പുത്തൻപുരയിൽ അഭിലാഷ്(41)ആണ് മരിച്ചത്.
റോഡുപണിക്കുശേഷം ടാർ മിക്‌സിങ് യൂണിറ്റ് റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ഒരു വീടിനോട് ചേർന്നാണ് മിക്‌സിങ് യൂണിറ്റ് വീണത്. അല്പംകൂടി നീങ്ങിയിരുന്നെങ്കിൽ വീടിനും നാശമുണ്ടാവുമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കൊമ്പനോലി വാട്ടർടാങ്കിന് സമീപമാണ് സംഭവം.
കൊമ്പനോലി-തെക്കുംമല റോഡിന്റെ ടാറിട്ടതിനുശേഷം ടാർ മിക്‌സിങ് യൂണിറ്റ് റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് സംഭവം. ഇറക്കത്തിലായിരുന്ന മിക്സിങ് യൂണിറ്റ് നിയന്ത്രണംവിട്ട് ട്രാക്ടറിലിടിച്ചു. ഇവ രണ്ടുംകൂടി മുന്നോട്ടുനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അഭിലാഷ് തത്ക്ഷണം മരിച്ചതായി പോലീസ് പറഞ്ഞു. അഭിലാഷിന്റെ വയറിന്റെ ഭാഗംപൊട്ടി ആന്തരികാവയവങ്ങൾ പുറത്തുവന്നു. കൂടെയുണ്ടായിരുന്നവർ അഭിലാഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വഴനക്കമൂലയിൽ വിജയമ്മയുടെ വീടിനോടുചേർന്നാണ് മിക്‌സിങ് യൂണിറ്റ് വീണത്. മലയാലപ്പുഴ പോലീസെത്തി തുടർനടപടി സ്വീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..