കൊച്ചി: നാഡീകോശങ്ങളെ ബാധിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) എന്ന അപൂർവ രോഗബാധിതയാണ് 23-കാരി സേബ. ആരോഗ്യവകുപ്പ് അധികൃതർക്ക് ഇ-മെയിലുകളയച്ച് മടുത്തതിനൊടുവിൽ മന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്. എസ്.എം.എ. ബാധിതർക്കുള്ള ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള വൈദ്യപരിശോധനയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലെത്തണം. ഇത്രയും ദൂരം യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതിയിലല്ല സേബ. എന്നാൽ, മറ്റൊരു മാർഗമില്ലെന്ന് അധികൃതരും.
ഇവിടെയാണ് സേബ ചോദിക്കുന്നത്, ഓരോ നിമിഷവും പൊരുതിജീവിക്കുന്ന തന്നെപ്പോലുള്ളവരുടെ നിസ്സഹായത മനസ്സിലാക്കാൻ അധികൃതർ മനസ്സ് കാണിക്കാത്തതെന്തെന്ന്. ട്യൂബിന്റെ സഹായത്തോടെയാണ് സേബ ശ്വസിക്കുന്നത്. ഭക്ഷണവും ട്യൂബിലൂടെ തന്നെ. ആരോഗ്യനില വഷളാവുമ്പോൾ ആശുപത്രിവാസം നീളും. അണുബാധ വരാതിരിക്കാൻ അതീവ ശ്രദ്ധയോടെയാണ് മാതാപിതാക്കളായ പാനായിക്കുളം പി.കെ. അബ്ദുൾസലാമും സാബിറയും പരിപാലിക്കുന്നത്.
കഴിഞ്ഞ വർഷം സർക്കാർ എസ്.എം.എ. ബാധിതർക്ക് ചികിത്സാ സഹായം നൽകുന്നുവെന്ന വാർത്തയെ തുടർന്നാണ് സേബ അപേക്ഷിച്ചത്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്ക് എത്തണമെന്ന ദേശീയ ആരോഗ്യമിഷ (എൻ.എച്ച്.എം.) ന്റെ കത്ത് അധികൃതർ വീട്ടിലെത്തി കൈമാറി. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മാതാപിതാക്കൾ അവരെ അറിയിച്ചു. ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ മാനേജരെ വിളിച്ചു, ഇ-മെയിൽ അയച്ചു. ഓക്‌സിജൻ നില താഴ്ന്ന അവസ്ഥയിലായപ്പോഴാണ് കോട്ടയത്ത് എത്താൻ നിർദേശം. പരിശോധന എറണാകുളം ജില്ലയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും അംഗീകരിച്ചില്ല.
എൻ.എച്ച്.എമ്മിന്റെ ഇ-മെയിൽ മറുപടി സേബയ്ക്കെത്തി. വൈദ്യപരിശോധനാ സംവിധാനം തിരുവനന്തപുരം എസ്.എ.ടി., കോഴിക്കോട് ഐ.എം.സി.എച്ച്., കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളിൽ മാത്രമാണുള്ളതെന്നും അപേക്ഷകരിൽ ഭൂരിഭാഗവും ചികിത്സ തുടങ്ങിയെന്നും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോർജിനും ഇ-മെയിലയച്ചു. അന്വേഷണങ്ങൾക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഓഫീസിൽ ബന്ധപ്പെടാൻ മറുപടി. ഈ ഓഫീസിൽ വിളിച്ചപ്പോൾ എറണാകുളം ഡി.എം.ഒ. യെ വിളിക്കാൻ ആവശ്യപ്പെട്ടു. ഡി.എം.ഒ. യെ വിളിച്ചപ്പോൾ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും ചികിത്സ വേണമെങ്കിൽ കോട്ടയത്ത് പോവുക മാത്രമാണ് പരിഹാരമെന്നും ഡി.എം.ഒ. പറഞ്ഞു. കോട്ടയം വരെ യാത്ര ചെയ്ത് ആരോഗ്യനില ഗുരുതരമായാൽ താനും മാതാപിതാക്കളുമാണ് കഷ്ടപ്പെടുന്നതെന്ന് സേബ പറയുന്നു. ഒരു വയസ്സുള്ളപ്പോഴാണ് സേബയ്ക്ക് അസുഖം നിർണയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..