തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കേരള മുസ്‌ലിം കൾച്ചറൽ സെന്ററിന്റെ (കെ.എം.സി.സി.) ഖത്തർ ശാഖയ്ക്ക് നോർക്ക റൂട്‌സിൽ അഫിലിയേഷൻ നൽകിയതിനെച്ചൊല്ലി വിവാദം. ഇടതുമുന്നണിയിലേക്ക് മുസ്‌ലിം ലീഗിനെ അടുപ്പിക്കാനാണിതെന്ന ആക്ഷേപം ഉയർന്നതോടെ വിശദീകരണവുമായി നോർക്ക രംഗത്തെത്തി.
കെ.എം.സി.സി.യെ പരിഗണിച്ചത് രാഷ്ട്രീയതീരുമാനമല്ലെന്ന് നോർക്ക വിശദീകരിച്ചു. വിഭാഗീയതയും ചേരിതിരിവുമുണ്ടാക്കുന്ന വിദേശ മലയാളി അസോസിയേഷനുകൾക്ക്, അഫിലിയേഷൻ നൽകേണ്ടെന്നത് 2017 മുതലുള്ള തീരുമാനമാണ്. പല അസോസിയേഷനുകളുടെയും അപേക്ഷയിലുള്ള തീരുമാനം ഇതുകൊണ്ട് നീട്ടിവെച്ചിരുന്നു.
നാലംഗസമിതി പരിശോധിച്ചശേഷം പ്രവർത്തനമികവ് പരിഗണിച്ചാണ് കെ.എം.സി.സി.ക്ക് അഫിലിയേഷൻ നൽകിയതെന്നു നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇതോടെ നോർക്കയുടെ പ്രവാസികാര്യ പ്രവർത്തനങ്ങളിൽ കെ.എം.സി.സി.ക്ക് ഔദ്യോഗിക പങ്കാളിത്തം കിട്ടും.
ഡയറക്ടർ ബോർഡ് പരിശോധിച്ചശേഷം ശ്രീരാമകൃഷ്ണൻ ചെയർമാനായ ഉപസമിതിയാണ് കെ.എം.സി.സി.യുടെ പ്രവർത്തനം വിലയിരുത്തി അഫിലിയേഷന് ശുപാർശചെയ്തത്. ഭാവിയിലും വിഭാഗീയമായി പ്രവർത്തിക്കില്ലെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന യോഗം അഫിലിയേഷൻനൽകാൻ തീരുമാനിച്ചത്. ഇതോടെ കൂടുതൽ പ്രവാസി സംഘടനകൾക്ക് നോർക്കയുടെ അംഗീകാരം ലഭിക്കാൻ സാധ്യതയേറി.
എല്ലാം ദുർവ്യാഖ്യാനം
രാഷ്ട്രീയംനോക്കിയല്ല തീരുമാനം. കെ.എം.സി.സി.യെമാത്രമല്ല വിഭാഗീയത പ്രോത്സാഹിപ്പിക്കില്ലെന്ന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകളെയും പരിഗണിക്കും. ഏതുസംഘടനയുടെയും അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കും. ഇടതുമുന്നണിയെയും ലീഗിനെയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങൾ തള്ളിക്കളയുന്നു. എല്ലാം ദുർവ്യാഖ്യാനമാണ്.
-പി. ശ്രീരാമകൃഷ്ണൻ,റെസിഡന്റ് വൈസ് ചെയർമാൻ,
നോർക്ക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..