കൊച്ചി: യു.എ.പി.എ. ചുമത്തിയ പന്തീരാങ്കാവ് മാവോവാദിക്കേസിലെ വിചാരണ എറണാകുളത്തെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ബുധനാഴ്ച തുടങ്ങും. അലൻ ഷുഹൈബ്, താഹ ഫസൽ, സി.പി. ഉസ്മാൻ, വിജിത്ത് വിജയൻ എന്നിവരാണ് പ്രതികൾ. അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ. നൽകിയ അപേക്ഷയിൽ ബുധനാഴ്ച കോടതി വിധിപറയും.
കോഴിക്കോട് പന്തീരാങ്കാവിൽവെച്ച് 2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ പിടിയിലായത്. പോലീസിന്റെ അന്വേഷണത്തിൽ ഇവർക്ക് മാവോവാദി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം എൻ.ഐ.എ.യ്ക്ക് കൈമാറുകയായിരുന്നു. അലനും താഹയും പിടിയിലാകുന്ന സമയത്ത് മൂന്നാംപ്രതി സി.പി. ഉസ്മാൻ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടിരുന്നു. അന്വേഷണത്തിൽ വിജിത്ത് വിജയനും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അയാളെയും പ്രതിചേർത്തു. ഉസ്മാനും വിജിത്തും പിന്നീടാണ് അറസ്റ്റിലായത്.
സർക്കാരിനെതിരേ കലാപമുണ്ടാക്കാൻ ആശയപ്രചാരണം നടത്താനും ഇതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും പ്രതികൾ പ്രവർത്തിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്.
നാലുപേർക്കും വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷം പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അലന്റെപേരിൽ ധർമടം പോലീസ് കേസെടുത്തു. മറ്റു കേസുകളിൽ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് മാവോവാദിക്കേസിൽ ജാമ്യം അനുവദിച്ചതെന്നും കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എൻ.ഐ.എ. കോടതിയെ സമീപിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..