പന്തളം സഹകരണബാങ്കിലെ സ്വർണത്തിരിമറി ശബ്ദരേഖവന്നപ്പോൾ ക്രമക്കേട് സമ്മതിച്ച് സി.പി.എം.


കുറ്റക്കാരെ തുടരാനനുവദിക്കില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി യു.ഡി.എഫ്. പരാതിനൽകിയെങ്കിലും കേസെടുത്തിട്ടില്ല

പന്തളം: സി.പി.എം. ഭരിക്കുന്ന പന്തളം സർവീസ് സഹകരണബാങ്കിൽ മൂന്ന് ദിവസമായി മൂടിവെച്ചിരുന്ന സ്വർണത്തിരിമറി ഏരിയ സെക്രട്ടറിയുടെ ശബ്ദരേഖയിൽ പുറത്തായി. പ്രതിരോധത്തിന് ആയുധമില്ലാതെവന്നതോടെ ജില്ലാ നേതൃത്വത്തിനും തിരിമറി സമ്മതിക്കേണ്ടിവന്നു. കുറ്റക്കാരെ തുടരാനനുവദിക്കില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ‘മാതൃഭൂമി’യോട് പറഞ്ഞു.

ഒരു ജീവനക്കാരൻ ബാങ്കിലെ പണയ സ്വർണാഭരണങ്ങളിൽ 70 പവനോളം എടുത്ത് രണ്ട് ദേശസാത്കൃത ബാങ്കുകളിൽ പണയംവെച്ച് തട്ടിപ്പുനടത്തിയെന്ന ആരോപണമാണ് ഞായറാഴ്ച മുതൽ മൂടിവെച്ചിരുന്നത്.

നെല്ലിനിടയിൽ കളകളുണ്ടെങ്കിൽ അതിനെ മാറ്റുകതന്നെ ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പ്രതികരിച്ചതോടെ തട്ടിപ്പ് മൂടിവെയ്ക്കുന്നത് തിരിഞ്ഞുകൊത്തുമെന്ന സ്ഥിതിയിലേക്ക് പ്രാദേശിക നേതൃത്വം എത്തുകയായിരുന്നു.

ബാങ്കിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും യു.ഡി.എഫും ബി.ജെ.പിയും ബാങ്കിനെ തകർക്കാൻ നടത്തിയ ആരോപണമാണെന്നുമായിരുന്നു ബാങ്ക് പ്രസിഡന്റ് ഇ.ഫസൽ പറഞ്ഞത്. ഒരു ജീവനക്കാരൻ സ്വർണത്തട്ടിപ്പ് നടത്തിയെന്നും അയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാൻ തീരുമാനിച്ചുവെന്നുമാണ് സി.പി.എം. ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാറിന്റേതായി പുറത്തുവന്ന ശബ്ദരേഖ. തുടർന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. സി.പി.എം. അടിയന്തര ഏരിയ കമ്മിറ്റി കൂടി പ്രശ്‌നം ചർച്ചചെയ്തിട്ടുണ്ട്. ഇയാൾക്കെതിരേ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിവായിട്ടില്ല. എന്നാൽ പണയംവെച്ച സ്വർണം തിരികെയെത്തിച്ച നിലയ്ക്ക് ബാങ്കിന് കോട്ടമുണ്ടാകാത്ത തരത്തിൽ ഇയാളെ സ്വയം പിരിഞ്ഞുപോകാൻ നിർദേശം നൽകുമെന്നറിയുന്നു.

ശനിയാഴ്ച അർധരാത്രി ബാങ്ക് തുറന്നതിനെത്തുടർന്ന് പോലീസെത്തിയെങ്കിലും പരാതിക്കാരില്ലാതിരുന്നതിനാൽ തിരികെപ്പോയി. സ്വർണം തിരിമറി നടത്തിയെന്ന ആരോപണവുമായി ഞായറാഴ്ച യു.ഡി.എഫും. ബി.ജെ.പി.യും രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. തിങ്കളാഴ്ച സമരത്തിനിടെ ബി.ജെ.പി., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഏറ്റുമുട്ടുകയും പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. തിരിമറിയെക്കുറിച്ച് ഇടപാടുകാരാരും പോലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..