സന്ധ്യ ഇനി സ്രാങ്ക് സന്ധ്യ


പൂച്ചാക്കൽ (ആലപ്പുഴ): പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയിലേക്ക് ഒരു വനിത കൂടി. സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി ചേർത്തല പെരുമ്പളം സ്വദേശിനിയായ സന്ധ്യക്ക്. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണു പെരുമ്പളം തുരുത്തേൽ എസ്. സന്ധ്യ (44) നേടിയത്.

കേരള ഇൻലാൻഡ് വെസൽ (കെ.ഐ.വി.) റൂൾ - 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയിൽ സന്ധ്യ ജയിച്ചു. ബാർജ്, മത്സ്യബന്ധന വെസൽ തുടങ്ങിയ ജലവാഹനങ്ങളിൽ ജോലി ചെയ്യുന്നതിനു കെ.ഐ.വി. സ്രാങ്ക് ലൈസൻസ് വേണം. ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തുപരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്.

ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. എറണാകുളം തേവര, നെട്ടൂർ,‍ ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗങ്ങളിൽ പുരവഞ്ചിയുൾപ്പെടെ ഓടിച്ച് പരിചയമുണ്ട് സന്ധ്യക്ക്. ആലപ്പുഴ പോർട്ട് ഓഫീസിൽനിന്നാണു സർട്ടിഫിക്കറ്റ് ലഭിച്ചത്.

ബോട്ട് മാസ്റ്റർ, ലാസ്കർ തുടങ്ങിയ പരീക്ഷകളിൽ മുൻപത്തെക്കാൾ കൂടുതൽ വനിതകൾ എത്തുന്നുണ്ടെന്നു പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് ചീഫ് എക്സാമിനർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് പറഞ്ഞു.

പരേതനായ സോമന്റെയും സുലഭയുടെയും മകളാണു സന്ധ്യ. ഭർത്താവ്: അങ്കമാലി ഫുഡ് കോർപ്പറേഷൻ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളി മണി. മക്കൾ: ഹരിലക്ഷ്മി, ഹരികൃഷ്ണൻ.

സ്രാങ്ക്

സ്റ്റിയറിങ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാൾ.

ഡ്രൈവർ

ബോട്ടിന്റെ യന്ത്രഭാഗങ്ങൾ കൈകാര്യം ചെയ്യുന്നയാൾ. ഓൺ ആക്കുന്നതും അണയ്ക്കുന്നതും യന്ത്ര നിയന്ത്രണവുമാണു ചുമതല.

ലാസ്കർ

ബോട്ട് കരയ്ക്കടുപ്പിക്കുന്നയാൾ. ലൈഫ് ഗാർഡായും പ്രവർത്തിക്കുന്നു. പ്രൊപ്പല്ലറിൽ പായൽ പിടിക്കുമ്പോൾ ലാസ്കറാണു പലപ്പോഴും ശരിയാക്കാറ്.

ബോട്ട് മാസ്റ്റർ

ബോട്ടിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം ബോട്ട് മാസ്റ്റർക്കാണ്. ടിക്കറ്റ് കൊടുക്കുന്ന ജോലിയും ബോട്ട് മാസ്റ്ററാണു ചെയ്യുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..