നയന സൂര്യ
തിരുവനന്തപുരം: യുവസംവിധായക നയനാ സൂര്യന്റെ മൃതദേഹം സുഹൃത്തുക്കൾ കണ്ടെത്തുന്നതിനിടയിൽ മരണം നടന്ന വീട്ടിൽ മറ്റൊരാളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി സംശയം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം വൈകീട്ട് അഞ്ചിന് മുൻപേ മരണപ്പെട്ട നയനയുടെ ഫോണിലേക്ക് രാത്രി 9.40-ന് എത്തിയ വിളി ’റിജക്ട്’ ചെയ്തു. ഫോൺവിളി കട്ട്‌ചെയ്ത് നിരസിച്ചതായാണ് മൊബൈലിലെ വിവരങ്ങളിൽ കാണിക്കുന്നത്. മറ്റൊരാളുടെ സാന്നിധ്യമിവിടെയുണ്ടായിരുന്നുവെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
മരണദിവസമായ 23-ന് എത്തിയ മറ്റ് വിളികളെല്ലാം ’മിസ്ഡ്കാൾ’ ആയിരുന്നു. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മിസ്ഡ്‌കാൾ ആണ് തൊട്ട് മുൻപെത്തിയത്. രാത്രി 9.40ന് ഫോണിലേക്കെത്തിയ വിളി മാത്രമാണ് നിരസിക്കപ്പെട്ടത്. നയനയുടെ മൃതദേഹം താമസസ്ഥലത്ത് ആദ്യം കണ്ട സുഹൃത്തുക്കളിൽ ഒരാളുടെ ഫോൺവിളി ആയിരുന്നു ഇത്.
ഈ ഫോൺവിളിക്ക് ഒരു മിനിറ്റ് മുൻപ് ഇതേയാൾ വിളിച്ചിരുന്നു. ഇതുൾപ്പെടെ രാവിലെ മുതലുള്ള ഫോൺവിളികളെല്ലാം ‘മിസ്ഡ്‌കാൾ’ പട്ടികയിലാണുള്ളത്. 22-ന് അമ്മ ഷീലയുമായാണ് നയന അവസാനമായി ഫോണിൽ സംസാരിച്ചത്. ഇതിനുശേഷം ഫോണിലേക്ക് വന്ന മറ്റൊരു വിളിയും എടുത്തിരുന്നില്ല. 23-ന് സുഹൃത്തുക്കളുടെ നിരവധി എടുക്കപ്പെടാത്ത വിളികൾ ഫോണിലുണ്ട്. എന്നാൽ ഒരു ഫോൺവിളി മാത്രം നിരസിച്ചതെങ്ങനെ എന്ന സംശയമാണ് ദുരൂഹത കൂട്ടുന്നത്. ഒരാൾ ബോധപൂർവം കൈകൊണ്ട്് കട്ട് ചെയ്താൽ മാത്രമേ വിളി നിരസിക്കപ്പെട്ടതായി (കാൾ റിജക്ടഡ്) എന്നു കാണുകയുള്ളൂവെന്ന് മൊബൈൽ സാങ്കേതിക രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
2019 ഫെബ്രുവരി 23-ന് രാത്രി 12-നോടടുപ്പിച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് സുഹൃത്തുക്കളുടെ മൊഴി. മരണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സുഹൃത്തുക്കൾ മൃതദേഹം കണ്ടതെന്നാണ് നിഗമനം. 18 മണിക്കൂറിലേറെ കഴിഞ്ഞാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനെത്തിയത്. പകൽനേരത്ത് മരണപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
അസ്വാഭാവിക മരണം നടന്ന സ്ഥലത്ത് ഉറപ്പായും എത്തേണ്ട വിരലടയാള വിദഗ്ധരുടെയോ ഫൊറൻസിക് വിദഗ്ധരുടെയോ സാന്നിധ്യം ഈ കേസിൽ ഉണ്ടായില്ല. മൊബൈൽഫോണിലെയും മറ്റ്് വസ്തുക്കളിലെയും വിരലടയാളം പരിശോധിക്കാതെ, തെളിവുകളുടെ അഭാവത്തിൽ, കേസ് അവസാനിപ്പിക്കാനാണ് മ്യൂസിയം പോലീസ് ശ്രമിച്ചത്. മരണം നടന്ന് നാലുവർഷമായതിനാൽ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത് വെല്ലുവിളിയാണ്. എസ്.പി. മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..