കൊച്ചി: ലോകത്തിന് ഇനി ആവശ്യം പ്രകൃതിസൗഹൃദ ആന്റിബയോട്ടിക്കുകളാണെന്ന് രസതന്ത്ര നൊബേൽ ജേതാവ് അദാ ഇ. യൊനാഥ്. പക്ഷേ, ഇന്ത്യയിലുൾപ്പെടെയുള്ള ഫാർമ കമ്പനികൾ ഇതിനോട് മുഖംതിരിക്കുകയാണെന്ന് അവർ ആരോപിച്ചു. തേവര സേക്രഡ് ഹാർട്ട് കോളേജ് രസതന്ത്ര വിഭാഗത്തിന്റെ രണ്ടുദിവസത്തെ പ്രൊഫ. കെ.വി. തോമസ് എൻഡോവ്‌മെന്റ് അന്താരാഷ്ട്ര സിംപോസിയത്തിൽ നൊബേൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. റൈബോസോമുകളുടെ ഘടനയെക്കുറിച്ചുള്ള ഗവേഷണത്തിന് 2009-ൽ നൊബേൽ സമ്മാനം ലഭിച്ച ഇസ്രയേലി ഗവേഷകയാണ് അദാ ഇ. യൊനാഥ്. ഇരുപതോളം ആന്റിബയോട്ടിക്കുകൾ നിർമിക്കാൻ അദായുടെ റൈബോസോം ഘടനാ ഗവേഷണങ്ങൾ സഹായിച്ചിട്ടുണ്ട്.
ആന്റിബയോട്ടിക്കുകളുടെ പ്രതിരോധശേഷി കുറഞ്ഞുവരുന്നു എന്ന ആഗോള പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദാ ഇ. യൊനാഥിന്റെ പ്രഭാഷണം. മനുഷ്യനും മൃഗങ്ങൾക്കും നൽകുന്ന ആന്റിബയോട്ടിക്കുകൾ മണ്ണിലും വെള്ളത്തിലും കലരുന്നത് പ്രകൃതിക്ക് ഹാനികരമാവുകയാണെന്ന് അദാ ഇ. യൊനാഥ് പറഞ്ഞു.
പ്രകൃതിസൗഹൃദ ആന്റിബയോട്ടിക് നിർമാണത്തിന് ചെലവ് കൂടും. ലാഭകരമല്ലാത്തതിനാൽ കമ്പനികൾ അതിൽ താത്പര്യം കാണിക്കുന്നില്ല - അദാ ഇ. യൊനാഥ് വ്യക്തമാക്കി.
എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് സിംപോസിയം ഉദ്ഘാടനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളേജ് മാനേജർ ഫാ. പൗലോസ് കിടങ്ങൻ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, കോളേജ് പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ, യു.ജി.സി. മുൻ ചെയർമാൻ പ്രൊഫ. വി.എൻ. രാജശേഖരൻ പിള്ള, കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് ജോൺ, രസതന്ത്ര വിഭാഗം മേധാവി ഡോ. ഫ്രാങ്ക്ലിൻ ജോൺ, സെമിനാർ ഓർഗനൈസിങ് സെക്രട്ടറി ഡോ. എസ്. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. യിത്സഹക് ടോർ (അമേരിക്ക), പ്രൊഫ. തമാവോക്കി നോബിയുകി (ജപ്പാൻ), പ്രൊഫ. ഡെർവാൾ റോസ (ബ്രസീൽ) തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സെമിനാർ ബുധനാഴ്ച സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..