കൊച്ചി: കേന്ദ്ര ബജറ്റിൽ അങ്കമാലി എരുമേലി-ശബരി റെയിൽ പദ്ധതിക്ക് 100 കോടി നീക്കിവെച്ചെങ്കിലും കേരളം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ നീങ്ങില്ല. രാഷ്ട്രീയത്തിന് അതീതമായി യോജിച്ചുനിന്നുള്ള സമ്മർദം അതിനായി കേരളത്തിന്റെ ഭാഗത്തുനിന്ന് വേണമെന്ന് റെയിൽവേയിലെ ഉദ്യോഗസ്ഥർതന്നെ പറയുന്നുണ്ട്.
2019-ൽ ശബരി പദ്ധതി മരവിപ്പിച്ച ഉത്തരവ് റെയിൽവേ റദ്ദാക്കുകയാണ് ആദ്യം വേണ്ടത്. റെയിൽവേ ബോർഡിനു സമർപ്പിച്ച 3726.56 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരവും കിട്ടണം. ഇതു രണ്ടും നടന്നാൽ മാത്രമേ അനുവദിച്ച 100 കോടി വിനിയോഗിക്കാൻ കഴിയൂ. ആദ്യ ഗഡുവാണ് 100 കോടി രൂപ. ഇതു ചെലവഴിച്ചാൽ മാത്രമേ ബാക്കി നിർമാണത്തിന് പണം ലഭിക്കൂ. അടച്ചുപൂട്ടിയ ഭൂമി ഏറ്റെടുക്കൽ ഒാഫീസുകൾ തുറക്കുക, പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുക എന്നിവ ആദ്യമേ വേണം.
2016 മുതൽ 2018 വരെ മൂന്ന് ബജറ്റുകളിൽ അങ്കമാലി - ശബരി റെയിൽ പാതയ്ക്ക് അനുവദിച്ച 250 കോടി രൂപ, പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിയില്ലെന്നു പറഞ്ഞ് തമിഴ്നാട്ടിലെ പദ്ധതികൾക്ക് കൊടുത്ത അനുഭവമുണ്ടെന്ന് ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ പറയുന്നു.
എന്നു വരും, റെയിൽവേ മന്ത്രി?
കേരളത്തിലെത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ആരായുമെന്നും മുഖ്യമന്ത്രിയെയും മറ്റ് ജനപ്രതിനിധികളെയും കാണുമെന്നും ചർച്ച നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രണ്ടുദിവസം മുൻപ് പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. നാട്ടുകാരെല്ലാം അതിന്റെ ആകാംക്ഷയിലാണ്. മന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി നല്ല ഗൃഹപാഠത്തോടെ കേരളം തയ്യാറായാൽ ഭിന്നസ്വരങ്ങളില്ലാതെ ആവശ്യങ്ങൾ ഉന്നയിക്കാനാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..