ഉമ്മൻചാണ്ടി | Photo: Mathrubhumi
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ന്യുമോണിയ കുറയുന്നമുറയ്ക്കാണ് മാറ്റുക. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ചൊവ്വാഴ്ച മന്ത്രി വീണാജോർജും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. ഇവർ ഡോക്ടർമാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ധാരണയായത്. സർക്കാർ ആറംഗ മെഡിക്കൽബോർഡിന് രൂപംനൽകിയിരുന്നു. ഇവരും കാര്യങ്ങൾ വിലയിരുത്തി. ബെംഗളൂരു എച്ച്.സി.ജി. കാൻസർ ആശുപത്രിയിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലാണ് ഉമ്മൻചാണ്ടിയുടെ ചികിത്സ നടത്തിവരുന്നത്. യാത്രയ്ക്കായുള്ള എയർ ആംബുലൻസിന്റെ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശ്വാസകോശസംബന്ധമായ അണുബാധയുള്ളതിനാൽ മെഡിക്കൽ ഐ.സി.യു.വിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സ തുടങ്ങിയതിനാൽ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി മന്ത്രി വീണാജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ ആശുപത്രിയിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..