മാരാമൺ കൺവെൻഷൻ 12 മുതൽ 19 വരെ


128-ാം കൺവെൻഷൻ

പത്തനംതിട്ട: മാരാമൺ കൺവെൻഷൻ 12 മുതൽ 19 വരെ പമ്പാതീരത്ത് നടക്കും. 128-ാം കൺവെൻഷനാണ് ഇത്തവണ നടക്കുന്നത്. മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നൽകുന്ന കൺവെൻഷനുവേണ്ടി ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണം തുടങ്ങിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

12-ന് 2.30-ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനംചെയ്യും.

സുവിശേഷ പ്രസംഗസംഘം പ്രസിഡൻറ് ഡോ. ജോസഫ് മാർ ബർന്നമാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗസാബെ (ശ്രീലങ്ക), കാനൻഡമാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ പ്രധാന പ്രസംഗകരായിരിക്കും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ 10.30-നും 2.30-നും അഞ്ചിനും പൊതുയോഗങ്ങളുണ്ടാകും.

ബുധനാഴ്ച 10.30-ന് എക്യുമെനിക്കൽ യോഗത്തിൽ യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യപ്രസംഗം നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച ലഹരിക്കെതിരേയുള്ള യോഗവും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ യുവവേദി യോഗങ്ങളും നടക്കും.

യുവവേദി യോഗങ്ങളിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജനാനന്ദ്, അന്ന ശോശ തോമസ്, ശശി തരൂർ എം.പി. എന്നിവരാണ് പ്രസംഗകർ. maramonconventiononline. com എന്ന വെബ്സൈറ്റിൽ കൺവെൻഷൻ ദിവസങ്ങളിലെ പ്രസംഗങ്ങളും മറ്റു സന്ദേശങ്ങളും ലഭ്യമാക്കും.

പരിസ്ഥിതി സെമിനാർ 10-ന് മൂന്നിന് മാരാമൺ റിട്രീറ്റ് സെൻററിൽ നടക്കും. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻറ് പി.എസ്. നായർ ചർച്ചയിൽ പങ്കെടുക്കും.

പ്ലാസ്റ്റിക് നിരോധനം കർശനമായിരിക്കും. പന്പാനദിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാനോ ഉപേക്ഷിക്കാനോ അനുവദിക്കില്ല. പന്പാ തീരത്തെ മാലിന്യങ്ങൾ നീക്കാൻ പ്രത്യേക ക്രമീകരണങ്ങളുണ്ടാകും.

സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ്, ഡോ. അജിത് വർഗീസ് ജോർജ്, റവ.സജി പി. സൈമൺ, ജേക്കബ് ശാമുവേൽ, പി.കെ.കുരുവിള, ജേക്കബ് ജോൺ, ലെറ്റീഷ തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..