മണിമല: തിരുവനന്തപുരം സ്വദേശി രാജേഷ് വീട്ടുജോലിക്കായി കുവൈത്തിലെത്തിച്ച വീട്ടമ്മമാർ ദുരിതത്തിൽ. ഏജന്റിന്റെ ആളുകൾ മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന ഇവർ മർദനവും ഭീഷണിയും നേരിടുന്നതായി വീട്ടുകാർ പറയുന്നു.
മണിമല ചാരുവേലി ഗേറ്റ് 36 സെന്റ് കോളനിയിൽ ഇ.കെ.ദാസിന്റെ ഭാര്യ ജാൻസി ദാസിനെ(45) മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി മകൾ മിനു ദാസാണ് മണിമല പോലീസിൽ പരാതിനൽകിയത്. പെരുവ സ്വദേശിനിയായ ഒരു വീട്ടമ്മയെയും ഇങ്ങനെ അടച്ചിട്ടുണ്ടെന്ന് ജാൻസി അറിയിച്ചതായി വീട്ടുകാർ പറഞ്ഞു. ഏജന്റ് രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇയാൾക്ക് ഒന്നര ലക്ഷം രൂപ ചെലവുണ്ടെന്നും അത് കിട്ടിയാൽ മാത്രമേ വിടുകയുള്ളൂ എന്നും അറിയിച്ചത്. മറ്റു സംസ്ഥാനക്കാരായ ചില സ്ത്രീകളും ഇവിടെയുണ്ടെന്നാണ് സൂചന.
കഴിഞ്ഞമാസം കുവൈത്തിലേക്കെന്നുപറഞ്ഞ് കൊണ്ടുപോയ വീട്ടമ്മമാരെ ആദ്യം ഒമാനിലാണ് എത്തിച്ചത്. പിന്നീട് കുവൈത്തിലെത്തിച്ചു.
ജാൻസി ദാസ് ഒരു വീട്ടിൽ 22 ദിവസം ജോലിചെയ്തു. മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടെന്നും ജോലിയിൽ തുടരാൻ കഴിയില്ലെന്നും പറഞ്ഞാണ് പിന്നീട് മുറിയിൽ പൂട്ടിയിട്ടത്. ജാൻസിയുടെ ബന്ധുവായ ഒരു സ്ത്രീയാണ് തിരുവനന്തപുരം സ്വദേശിയെ പരിചയപ്പെടുത്തുന്നത്. ഇരുവരുംകൂടി പോകാനാണ് നിശ്ചയിച്ചിരുന്നത്. ആ സ്ത്രീക്ക് വണ്ണം കൂടുതലാണെന്ന പേരിൽ ഒഴിവാക്കുകയായിരുന്നുവെന്ന് ദാസ് പറഞ്ഞു.
മേസ്തിരി പണിക്കാരനായ ദാസിന്റെ വരുമാനത്തിൽമാത്രം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നടക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് ജാൻസിയെ വീട്ടുജോലിക്ക് ഗൾഫിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. മകൾ മീനു ദാസ് ആലപ്പുഴയിൽ ഹോസ്പിറ്റൽ മാനേജ്മെന്റും മകൻ മിഥുൻ റാന്നിയിൽ ഗ്രാഫിക് ഡിസൈനിങ്ങും പഠിക്കുകയാണ്. കുവൈത്തിൽനിന്നുള്ള മടക്ക ടിക്കറ്റ് അടക്കം നൽകാമെന്നു പറഞ്ഞ തിരുവനന്തപുരം സ്വദേശി ഏജന്റിനെ ഇപ്പോൾ ബന്ധപ്പെടുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകാനാണ് വീട്ടുകാരുടെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..