തിരുവനന്തപുരം: ഭൂമിയുടെ ന്യായവില വീണ്ടും ഉയർത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും 2010-ലെ വിലനിർണയത്തിൽ ചൂണ്ടിക്കാട്ടിയ അപാകം ഇതുവരെ പരിഹരിച്ചിട്ടില്ല. അന്ന് നിശ്ചയിച്ച വിലയിൽ കാലികമായ വർധന വരുത്തുന്നുവെന്ന പേരിലാണ് പലതവണയായി വില ഉയർത്തിയത്.
പലയിടത്തും വിലനിർണയം നടത്തിയത് ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഇരുന്നുതന്നെയാണെന്നും ആക്ഷേപമുണ്ട്. ന്യായവില ശാസ്ത്രീയമായി പരിഷ്കരിക്കാൻ നിയോഗിച്ച സമിതികൾ റിപ്പോർട്ടുകളൊന്നും നൽകിയിട്ടില്ല.
2010-നുശേഷം അഞ്ചുതവണ ന്യായവില വർധിപ്പിച്ചിരുന്നു. 2014-ൽ അത് 50 ശതമാനം ഉയർത്തി. പിന്നീട് ഒരോതവണയും ഉയർത്തിയ വിലയിൽനിന്ന് പത്തുശതമാനംവീതം വർധിപ്പിക്കുകയായിരുന്നു. എന്നാൽ, 2010-ൽ നിർണയിച്ച അടിസ്ഥാന വിലയിലെ അപാകം പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സ്ഥലം സന്ദർശിച്ച് വിലനിർണയിക്കേണ്ട റവന്യൂ വകുപ്പ്, ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പറഞ്ഞ് െെകയൊഴിയുകയായിരുന്നു. അതത് റവന്യൂ ഡിവിഷണൽ ഓഫീസർമാർക്കാണ് വിലനിർണയച്ചുമതലയുള്ളത്.
അപാകങ്ങളിൽ ചിലത്
1. ഒരേവഴിയുടെ ഇരുവശവുമുള്ള ഭൂമിക്ക് വ്യത്യസ്തവില.
2. പ്രധാന വഴിയിൽനിന്ന് ഉള്ളിലേക്കുള്ള ഭൂമി ഒരേ സർവേ നമ്പരാണെങ്കിൽ ഒറ്റവില. മുന്നിലെ വഴി സൗകര്യം ഒരു ഭൂമിക്ക് മാത്രമാകും ഉണ്ടാവുക. പിന്നിലേക്കുള്ള ഭൂമിക്ക് വഴി സൗകര്യമില്ലെങ്കിൽപോലും സർവേ നമ്പർപ്രകാരം ഉയർന്ന ന്യായവിലയായിരിക്കും. മൂന്നുകിലോമീറ്റർവരെ ഉള്ളിലേക്ക് ഇങ്ങനെ ഒരേവിലയുള്ള സ്ഥലങ്ങൾ തലസ്ഥാന ജില്ലയിലുണ്ട്.
3. വില്ലേജുകൾ അതിർത്തിപങ്കിടുന്ന സ്ഥലങ്ങളിൽ വഴിയും മറ്റുസൗകര്യങ്ങളും പരിഗണിക്കാതെ രണ്ടുവില. തൊട്ടടുത്തവസ്തുവിന് നാലിരട്ടിവരെ ഉയർന്ന വിലയുള്ള സ്ഥലങ്ങളുണ്ട്.
4. വിപണി വിലയെക്കാൾ ന്യായവില ഉയർന്നുനിൽക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..