കോട്ടയം: വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി കേരളത്തിൽ താമസിച്ച അഫ്ഗാനിസ്ഥാൻ പൗരൻ അറസ്റ്റിൽ. അഹമ്മദ് നസീർ ഒസ്മാനി (24)-ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലിൽ താമസിച്ച് ഷെഫ് ആയി ജോലിചെയ്തുവരുകയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരൻ താമസിക്കുന്നത് കണ്ടെത്തിയത്.
മെഡിക്കൽ വിസയിൽ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയശേഷം വിസ കാലാവധികഴിഞ്ഞും തിരികെ പോകാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവരുകയായിരുന്നു. ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലുമാണ് ഇയാൾ താമസിച്ചിരുന്നത്. അനധികൃത കുടിയേറ്റത്തിനും വിസ നിയമലംഘനത്തിനുമാണ് അഫ്ഗാൻ പൗരനെതിരേ കേസെടുത്തത്. വേണ്ടത്ര രേഖകൾ ഇല്ലാതെ വിദേശ പൗരനെ താമസിപ്പിച്ചതിന് ഹോട്ടൽ ഉടമയ്ക്കെതിരേയും കേസെടുത്തതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.
നടപടികൾ പൂർത്തിയാക്കിയശേഷം ഇയാളെ മാതൃരാജ്യത്തേക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ്, എസ്.ഐ. ജയകൃഷ്ണൻ, ഷിനോജ്, എ.എസ്.ഐ. സിജു കെ.സൈമൺ, സി.പി.ഒ. മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവരും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..