തിരുവനന്തപുരം: ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റർ വെള്ളം മതിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞത് വിവാദമായി. പിന്നാലെ സാമൂഹിക മാധ്യമത്തിലെ കുറിപ്പിലൂടെ അദ്ദേഹം അത് തിരുത്തി.
ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇറങ്ങിപ്പോക്ക് പ്രസംഗത്തിനിടെയായിരുന്നു വെള്ള ഉപയോഗവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വിവാദചോദ്യം. അതേസമയം, നിയമസഭയ്ക്ക് പുറത്ത് കഴിഞ്ഞദിവസം കുപ്പിവെള്ളത്തിന്റെ വിലയും വെള്ളക്കരം കൂട്ടിയതും തമ്മിലുള്ള മന്ത്രിയുടെ താരതമ്യവും വിവാദമായി. ജനത്തെ പരിഹസിക്കുന്നതാണ് മന്ത്രിയുടെ നിലപാടെന്നാണ് പ്രതിപക്ഷ വിമർശനം.
റോഷി അഗസ്റ്റിൻ തിങ്കളാഴ്ച സഭയ്ക്ക് പുറത്തുപറഞ്ഞത്
‘‘ഒരു കുപ്പി വെള്ളം വാങ്ങിക്കുടിക്കുന്നത് 15-20 രൂപ ചെലവഴിച്ചാണ്. ഒരു ലിറ്റർ വെള്ളത്തിന് ഇവിടെ കൂട്ടിയത് ഒരു പൈസയാണ്.’’
തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞത്
‘‘ബോധംകെട്ട് കിടക്കുന്നയാൾക്ക് വെള്ളം കൊടുക്കുന്ന അളവിൽ കൂടുതൽ വരുത്തണമെങ്കിൽ എം.എൽ.എ. ഒരു കത്ത് തന്നാൽ അവർക്ക് ആവശ്യമായ വെള്ളം കൊടുക്കാൻ നിർദേശം നൽകാം.’’
ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞത്
‘‘നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് 100 ലിറ്ററിൽ കുടുതൽ വെള്ളം ഒരു ദിവസം വേണ്ടിവരുമോ? 15000 ലിറ്റർ വരെ ബി.പി.എൽ. കുടുംബത്തിന് സൗജന്യമാണ്. അത്രയും കൊടുക്കമ്പോൾ അതിന്റെ ഉത്പാദനച്ചെലവ് നമ്മൾ സഹിച്ചേ പറ്റുള്ളൂ.’’
ചൊവ്വാഴ്ച ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞത്
അഞ്ചംഗ കുടുംബത്തിൽ 500 ലിറ്റർ എന്ന കണക്കുകൂട്ടുകയാണെങ്കിൽ മാസം 15,000 ലിറ്റർ വരും. ബി.പി.എൽ. കുടുംബങ്ങൾക്ക് 15,000 ലിറ്റർ വരെ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയിൽ സൂചിപ്പിക്കാൻ ശ്രമിച്ചത്. ഒരാൾ 100 ലിറ്റർ വെള്ളംമാത്രം ഉപയോഗിച്ചാൽ മതിയെന്ന് മന്ത്രി പരിഹസിക്കുന്നുവെന്ന തരത്തിലുള്ള വാദങ്ങൾ തെറ്റിദ്ധിരിപ്പിക്കാനുള്ള ശ്രമമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..