ഭൂമിയുടെ ന്യായവിലയിൽ ഇളവിന്‌ സാധ്യത; ഇന്ധനസെസിൽ ഇന്ന് തീരുമാനം


കെ.എൻ. ബാലഗോപാൽ | Photo: Mathrubhumi

തിരുവനന്തപുരം: ബജറ്റിലെ നികുതിവർധന സംബന്ധിച്ചുള്ള സർക്കാർനിലപാട് ബുധനാഴ്ച വ്യക്തമാകും. ഇന്ധനസെസ് രണ്ടുരൂപ ഈടാക്കുന്നത് കുറയ്ക്കാനുള്ള തീരുമാനം തത്‌കാലം പരിഗണനയിലില്ലെന്നാണ് സൂചന. ഭൂമിയുടെ ന്യായവിലയിൽ ഇളവുപ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.

രണ്ടുദിവസമായി നിയമസഭയിൽനടന്ന ബജറ്റ് ചർച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടിനൽകും. പ്രതിഷേധവും വിമർശനങ്ങളും ശമിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇതിലുണ്ടായേക്കും.

നികുതിവർധനയെച്ചൊല്ലിയുള്ള പ്രതിപക്ഷപ്രതിഷേധം വലിയ ചലനമുണ്ടാക്കിയില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. സർക്കാരിനുനേരെ ജനവികാരം സൃഷ്ടിക്കാൻ പ്രതിഷേധങ്ങൾക്ക്‌ കഴിഞ്ഞിട്ടില്ലെന്ന അഭിപ്രായം മന്ത്രിമാർക്കിടയിലുമുണ്ട്.

ഇന്ധനവില കൂടുമ്പോൾ അത് മറ്റുസാധനങ്ങളുടെ വിലകൂടാൻ കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്. ബജറ്റ് സമ്മേളനം മാർച്ചുവരെയുള്ളതിനാൽ ഇന്ധനനികുതിയിലെ ഇളവ് അവസാനഘട്ടത്തിൽ പ്രഖ്യാപിച്ചാൽമതിയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അപ്പോഴേക്കും പ്രതിഷേധം തണുത്ത് യഥാർഥ ജനവികാരം പ്രകടമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

പ്രശ്നപരിഹാരമെന്നനിലയിലാണ് ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത് കുറയ്ക്കാൻ ആലോചിക്കുന്നത്. ന്യായവില കുറയ്ക്കണമെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗംകൂടിയായ സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാർ ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷത്തുനിന്നുയർന്ന അഭിപ്രായം പരിഗണിച്ച്, ന്യായവില 10 ശതമാനം കുറയ്ക്കാനുള്ള പ്രഖ്യാപനം ധനമന്ത്രി നിയമസഭയിൽ നടത്തിയേക്കും.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നിലപാട് നിർണായകമാവും. ബജറ്റ് ചർച്ചയ്ക്ക്‌ ബുധനാഴ്ച ധനമന്ത്രി മറുപടിപറയുന്നതിനുമുമ്പ് നേതാക്കൾ തമ്മിൽ കൂടിയാലോചന നടക്കും. സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ നിലപാടുകൂടി അറിഞ്ഞശേഷമായിരിക്കും ധനമന്ത്രി ഇളവുകൾ നിയമസഭയിൽ പ്രഖ്യാപിക്കുക.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..