മദ്യലഹരിയിൽ ഏറ്റുമുട്ടി; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു


കുറവിലങ്ങാട്: മദ്യലഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. കുറവിലങ്ങാട് നസ്രത്ത്ഹിൽ കുളത്തുങ്കൽ തോരണത്ത്മലയിൽ ടി.യു.ജോസഫി(ജോസ്-68) നെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോസിന്റെ മകൻ ജോൺ പോൾ ജോസഫ് (ബോബൻ-38) നെ ചോദ്യംചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്.

പോലീസ് പറയുന്നതിങ്ങനെ. അച്ഛനും മകനും മാത്രമാണിവിടെ താമസം. അമ്മയും സഹോദരങ്ങളും മറ്റിടങ്ങളിലാണ്. തിങ്കളാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ ഇരുവരും വീടിനുള്ളിൽ ഏറ്റുമുട്ടി. ജോസഫ് വടികൊണ്ട് ജോണിനെ അടിച്ചപ്പോൾ ജോൺ വടി തിരികെ വാങ്ങി തിരികെ ആക്രമിക്കുകയായിരുന്നു.

അടിയേറ്റ ജോസഫ് വീട്ടുമുറ്റത്ത് ബോധരഹിതനായി വീണു. അച്ഛൻ എഴുന്നേറ്റുവന്ന് ആക്രമിക്കുമെന്ന ഭയത്താൽ ജോൺ പിന്നീട് വീടിന് സമീപം മറ്റൊരിടത്തുപോയി കിടന്നു. രാവിലെ മുറ്റത്തെത്തിയപ്പോൾ അച്ഛൻ ചലനമറ്റ് കിടക്കുന്നതുകണ്ട് അനിയനെയും അയൽവാസികളെയും വിവരം അറിയിച്ചു.

നാട്ടുകാർ അറിയിച്ചതനുസരിച്ച് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസെത്തുമ്പോഴും ജോൺ സ്ഥലത്തുണ്ടായിരുന്നു. ജോസഫിന്റെ തലയ്ക്കുപിന്നിൽ മുറിവുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരുവരും തമ്മിൽ മുമ്പും സംഘർഷമുണ്ടായിട്ടുണ്ട്. മകന്റെ മുഖത്ത് ജോസഫ് ആസിഡ് ഒഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നഴ്‌സിങ് പഠനം കഴിഞ്ഞ ജോൺ പോൾ വീട്ടിൽതന്നെ കഴിയുകയായിരുന്നു.

ഭാര്യ: എത്സമ്മ രോഗബാധിതയായി ആർപ്പൂക്കരയിലെ സ്വന്തം വീട്ടിലാണ്. മറ്റ് മക്കൾ: കുര്യൻ ജോസഫ്, എലിസബത്ത് ജോസഫ് (നഴ്‌സ്, മാൾട്ട).

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..