ഓട്ടോറിക്ഷത്തൊഴിലാളികൾ ടൂറിസം അംബാസഡർമാർ


നിയമസഭാവാർത്തകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷത്തൊഴിലാളികളെ ടൂറിസം ബ്രാൻഡ് അംബാസഡർമാരാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി വയനാട്ടിലെ ഓട്ടോറിക്ഷത്തൊഴിലാളികൾക്ക് പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. നിലവിൽ കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഒമ്പതു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കാസർകോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലാണ് പുതിയതായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുക.

രണ്ടാംശനിക്കുമുമ്പുള്ള വെള്ളിയാഴ്ചയും, ശനിയാഴ്ചയും നൈറ്റ് ലൈഫ് പദ്ധതി കൊണ്ടുവരും. സംസ്ഥാനത്ത് കെ.ടി.ഡി.സി. കാരവാൻ പാർക്കുകൾ തുടങ്ങും. കാരവാൻ ടൂറിസം പരിധിയിൽ ഗ്രാമീണമേഖലകളെക്കൂടി ഉൾപ്പെടുത്തും.

ഐ.ടി.ഐ.യിൽ മറൈൻ കോഴ്‌സ്

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർഥ്യമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഐ.ടി.ഐ. കേന്ദ്രീകരിച്ച് എൻ.സി.വി.ടി.യുടെ വിവിധ മറൈൻ കോഴ്‌സുകൾ തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മറൈൻ ഫിറ്റർ, വെസ്സൽ നാവിഗേറ്റർ എന്നീ സി.ടി.എസ്. കോഴ്‌സുകൾക്കുപുറമേ ലോജിസ്റ്റിക്സ് മേഖലയുമായി ബന്ധപ്പെട്ട നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ (എൻ.ക്യു.ആർ.) ഉൾപ്പെടുത്തിയിട്ടുള്ള ഹ്രസ്വകാലപരിശീലനകോഴ്‌സുകളും തിരഞ്ഞെടുത്ത ഐ.ടി.ഐ.കളിൽ നടത്തും.

സർക്കാർ ഐ.ടി.ഐ.കളിൽ ഡ്രോൺ ടെക്‌നീഷ്യൻ, ഐ.ഒ.ടി. ടെക്‌നീഷ്യൻ (സ്മാർട്ട് അഗ്രികൾച്ചർ, സ്മാർട്ട് സിറ്റി, സ്മാർട്ട് ഹെൽത്ത് കെയർ), ഡേറ്റ ബേസ് സിസ്റ്റം അസിസ്റ്റന്റ് തുടങ്ങി 13 കോഴ്‌സുകൾകൂടി തുടങ്ങും.

ഹർത്താലിൽ പങ്കെടുക്കാത്തവർക്കും ജപ്തി

പോപ്പുലർഫ്രണ്ട് നടത്തിയ ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്റെ തുക ഈടാക്കുന്നതിന്റെ ഭാഗമായുള്ള ജപ്തിയിൽ, ഹർത്താലിൽ പങ്കെടുക്കാത്തവരുടെ സ്വത്തും കണ്ടുകെട്ടുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. നടപടിയെടുക്കാൻ അതത് ജില്ലാ പോലീസ് മേധാവികൾക്ക് കളക്ടർമാർ ഈ പരാതികൾ അയച്ചു.

കുട്ടികൾക്കായി സ്കൂൾ ആപ്പ്

കുട്ടികളിൽ ദുരന്തനിവാരണപ്രതിരോധ അവബോധം സൃഷ്ടിക്കാനും സ്കൂൾസുരക്ഷാപദ്ധതികൾക്കുമായി സ്കൂൾ ആപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ, അപകടസാധ്യതാവിവരണം, സ്കൂൾസുരക്ഷാസമിതി അംഗങ്ങളുടെ വിവരം, സ്കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഫോൺനമ്പർ എന്നിവയെല്ലാം ആപ്പിൽ രേഖപ്പെടുത്തും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..