പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
കാക്കനാട്: മാലിന്യ സംസ്കരണത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനു പകരം നിലവിലുള്ള നിയമങ്ങൾ ശക്തമാക്കാൻ കർമപദ്ധതി ആവിഷ്‌കരിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം കളക്ടറേറ്റിൽ മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കർമപദ്ധതിക്ക് രൂപം നൽകിയത്. ഏപ്രിൽ പത്തിനകം മഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഇനി ഒരു ബ്രഹ്മപുരം ആവർത്തിക്കരുതെന്നും ഇതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാർ പിന്നീട് നടത്തിയ പത്രസമ്മേളനത്തിലും വ്യക്തമാക്കി.
ഉറവിട മാലിന്യ സംസ്‌കരണം
: * മാർച്ച് 13 മുതൽ കർമപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. * മുഴുവൻ വീടുകളിലും നോട്ടീസ് എത്തിക്കും. * മാർച്ച് 17-നകം റിപ്പോർട്ട് നൽകണം. * സൗകര്യമില്ലാത്തവർക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾ നൽകണം. * ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പുവരുത്താൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും. * ഏപ്രിൽ പത്തിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
വാതിൽപ്പടി ശേഖരണം
: * മാർച്ച് 25-നകം എല്ലാ വാർഡുകളിലും കുറഞ്ഞത് രണ്ടുപേർ വീതം ഹരിത കർമസേനയിൽ ഉണ്ടെന്ന് ഉറപ്പാക്കണം. * ഏപ്രിൽ ഒന്നുമുതൽ എല്ലാ വാർഡുകളിലും ഹരിത കർമസേനയുടെ പ്രവർത്തനം സജീവമാകണം. * മേയ് ഒന്നോടെ 100 ശതമാനം തരംതിരിച്ച മാലിന്യങ്ങളും ഹരിത കർമ സേന വഴി വേണം ശേഖരിക്കാൻ.
: * മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ മാർച്ച് 31-നകം താത്‌കാലിക സെന്ററുകൾ ഒരുക്കണം. * സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യങ്ങൾ എവിടേക്ക് കൊണ്ടുപോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കണം.
കക്കൂസ് മാലിന്യ സംസ്‌കരണം
: * കക്കൂസ് മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ്. സംവിധാനം ഘടിപ്പിച്ച് പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. * വലിയ തോതിൽ കക്കൂസ് മാലിന്യത്തിന് കാരണമാകുന്ന ഫ്ളാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ തുടങ്ങിയവയ്ക്ക് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഏർപ്പെടുത്താൻ ജൂൺ 30 വരെ സമയം നൽകി.
പൊതു സ്ഥലങ്ങളിലെ മാലിന്യം
: * പൊതു സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് മേയ് ഒന്നുമുതൽ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കും. ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന ക്ലബ്ബുകൾ എന്നിവയുമായി സഹകരിച്ചാകും പ്രവർത്തനങ്ങൾ. * കൂടുതൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തി ശുചീകരിക്കും. * പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. * മേയ് 11 മുതൽ 20 വരെ ജലസ്രോതസ്സുകൾ ശുദ്ധീകരിക്കും.
വാർ റൂമുകൾ
: കർമപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാതലത്തിലും പ്രാദേശികതലത്തിലും വാർ റൂമുകൾ സജ്ജമാക്കും. * മേയ് 24 മുതൽ 31 വരെ പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച് പരാതികൾ നൽകാൻ അവസരം ഒരുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..