കൃഷ്ണൻകുട്ടി നായർ, ആശാ കൃഷ്ണൻ
കരുനാഗപ്പള്ളി: മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. മകനെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം കോട്ടയ്ക്കപ്പുറം കൃഷ്ണഭവനത്തിൽ കൃഷ്ണൻകുട്ടി നായർ (72) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ആശാകൃഷ്ണനെ(39)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ശ്യാമളയെ സാരമായി പരിക്കേറ്റനിലയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ മരിച്ചുകിടക്കുന്നതായി ആശാകൃഷ്ണനാണ് ശനിയാഴ്ച രാവിലെ ബന്ധുക്കളെ വിളിച്ചറിയിച്ചത്.
ബന്ധുക്കളെത്തിയപ്പോൾ കൃഷ്ണൻകുട്ടി നായർ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അച്ഛൻ കാലുതെറ്റി വീണതാണെന്നാണ് ആശാകൃഷ്ണൻ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. ആശാകൃഷ്ണന്റെ വസ്ത്രങ്ങളിലും രക്തമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ആശാകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. ഫൊറൻസിക് വിഭാഗം ഉൾപ്പെടെയെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ആശാകൃഷ്ണന്റെ ഭാര്യ നാളുകളായി ഇയാളുമായി പിണങ്ങി കഴിയുകയാണ്. ഇതേച്ചൊല്ലി കഴിഞ്ഞദിവസം വൈകീട്ട് വാക്കുതർക്കമുണ്ടാകുകയും െെകയിൽ കരുതിയിരുന്ന മാരകായുധമുപയോഗിച്ച് അച്ഛൻറെ തലയ്ക്കും മുഖത്തും അടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച അമ്മയെയും മർദിച്ചു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആശാകൃഷ്ണൻ സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. കഴിത്തദിവസം വൈകീട്ടും വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..