എൻജിനിയറിങ്‌ പുസ്തകങ്ങൾ മലയാളത്തിലായി: സാങ്കേതികപദങ്ങളുടെ മൊഴിമാറ്റത്തിനും സാങ്കേതികവിദ്യ


പ്രതീകാത്മക ചിത്രം | Photo: gettyimages.in

തിരുവനന്തപുരം: സാങ്കേതിക പദങ്ങൾ നിറഞ്ഞ എൻജിനിയറിങ്‌ പാഠപുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള കഷ്ടപ്പാടില്ലാതാക്കുന്നതും സാങ്കേതികവിദ്യതന്നെ. നിർമിതബുദ്ധിയിലൂടെ മുംബൈ ഐ.ഐ.ടി. വികസിപ്പിച്ച ഉഡാൻ ടൂളാണ് പാഠങ്ങൾ മൊഴിമാറ്റാൻ സഹായകരമായത്.

പരിഭാഷപ്പെടുത്തിയ 20 പുസ്തകങ്ങളിൽ ഒമ്പതെണ്ണം ബി.ടെക്കിന്റേതാണ്. 11 എണ്ണം ഡിപ്ലോമയുടേതും. ഇംഗ്ലീഷിൽനിന്ന് ഇന്ത്യൻ ഭാഷകളിലേക്ക് സാങ്കേതിക പാഠപുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നതിനായി മുംബൈ ഐ.ഐ.ടി. വികസിപ്പിച്ച ഉഡാൻ നേരിട്ടുള്ള പരിഭാഷയ്ക്കെടുക്കുന്ന സമയം ആറിലൊന്നായി കുറയ്ക്കും. പരിഭാഷ പൂർത്തിയാക്കിയ പുസ്തകങ്ങളുടെ പ്രകാശനം രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച നിർവഹിക്കും.

ഡിജിറ്റൽ സർവകലാശാലയാണ് ഈ പദ്ധതിക്ക് ചുക്കാൻപിടിക്കുന്നത്. ആദ്യമായി ബി.ടെക്. ഒന്നാംവർഷ പുസ്തകങ്ങളാണ് പരിഭാഷപ്പെടുത്തിയത്. രണ്ടാംവർഷത്തെ 42 പുസ്തകങ്ങൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

എ.ഐ.സി.ടി.ഇ.യുടെ പാഠപുസ്തകമാണ് പരിഭാഷയ്ക്ക് അടിസ്ഥാനമായെടുത്തത്. ഉപയോഗത്തിലൂടെ മലയാളത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ വാക്കുകൾ അതേപടി തന്നെയാണ് മലയാളത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണം: കംപ്യൂട്ടർ, ബ്ലൂ ടൂത്ത്, ഇന്റർനെറ്റ്, മൗസ്, ഓക്സിജൻ, ഓസോൺ മുതലായവ. മലയാള പദങ്ങളുള്ള സാങ്കേതിക വാക്കുകൾ മനസ്സിലാകാൻവേണ്ടി മലയാളത്തോടൊപ്പം ബ്രാക്കറ്റിൽ ഇംഗ്ലീഷ് പദവും നൽകിയിട്ടുണ്ട്. ഉദാഹരണം: സംയോജനം (ഇന്റഗ്രേഷൻ), സ്ഥിതികോർജം (പൊട്ടൻഷ്യൽ എനർജി), ഗതികോർജം (കൈനറ്റിക് എനർജി), പ്രവാഹപാത (സർക്യൂട്ട്). നിർവചനങ്ങളും വിശദീകരണവുംമറ്റും പൂർണമായി മലയാളത്തിലാക്കി.

സാങ്കേതികവിദ്യ ഇംഗ്ലീഷിൽ പഠിക്കുമ്പോൾ മലയാള മാധ്യമത്തിൽനിന്നുവരുന്ന കുട്ടികൾ ആദ്യം വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. ഇംഗ്ലീഷിൽ ബി.ടെക്. പഠിക്കുമ്പോൾ അവ കൂടുതൽ മനസ്സിലാകാൻ മലയാളപരിഭാഷ പ്രയോജനപ്പെടുമെന്ന് പരിഭാഷാപദ്ധതിക്ക് നേതൃത്വം നൽകുന്ന ഡിജിറ്റൽ സർവകലാശാലയിലെ മുതിർന്ന അധ്യാപിക പ്രൊഫ. എലിസബത്ത് ഷർളി പറഞ്ഞു.

തർജ്ജമയ്ക്ക് മാനവികതനൽകി ഭാഷ മിനുക്കുന്നതിന് ഓരോ പുസ്തകത്തിനും ഓരോ എൻജിനിയറിങ്‌ കോളേജ് അധ്യാപകരെ ചുമതലപ്പെടുത്തി. അത് മറ്റൊരു അധ്യാപകൻ അവലോകനം ചെയ്യും. ഡിജിറ്റൽ സർവകലാശാലയിലെ വെർച്വൽ റിസോഴ്‌സ് സെന്റർ ഫോർ ലാംഗ്വേജ് കംപ്യൂട്ടിങ്ങാണ് പരിഭാഷയ്ക്ക് നേതൃത്വംനൽകിയത്.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇന്ത്യൻ ഭാഷകളിലേക്ക് എൻജിനിയറിങ്‌ പാഠപുസ്തകങ്ങൾ മൊഴിമാറ്റുന്നത്. തർജ്ജമചെയ്ത പുസ്തകങ്ങൾ കേന്ദ്ര സർക്കാരിന്റെ e kumbh പോർട്ടലിൽ ലഭ്യമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..