കോട്ടയം: മന്ത്രിസഭയുടെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി താലൂക്ക് തലങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനം. അതേസമയം, പരിഗണിക്കുന്ന പരാതികൾക്ക് നിയന്ത്രണമുണ്ട്.
‘കരുതലും കൈത്താങ്ങും’ എന്നപേരിൽ മേയ് രണ്ടു മുതൽ ജൂൺനാലുവരെയാണ് അദാലത്തുകൾ. ഓരോ ജില്ലയിലേക്കും രണ്ടുമുതൽ നാലുവരെ മന്ത്രിമാരെയും നിശ്ചയിച്ചു. മന്ത്രിമാർ നേരിട്ട് പരാതി സ്വീകരിക്കുകയോ പരിഹരിക്കുകയോ ഇല്ല. മുൻകൂട്ടി താലൂക്ക് തലത്തിൽ ഓൺലൈനായും നേരിട്ടും പരാതികൾ സ്വീകരിക്കാനുള്ള സംവിധാനമുണ്ടാക്കും.
28 വിഷയങ്ങളിലുള്ള പരാതികളേ സ്വീകരിക്കൂ. ചികിത്സാസഹായമുൾപ്പെടെ ഏതെങ്കിലും സാമ്പത്തികസഹായത്തിനോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ ഉള്ള അപേക്ഷകൾ എടുക്കില്ല. പോലീസ് കേസുകളെപ്പറ്റിയോ ഉദ്യോഗസ്ഥർക്കെതിരേയോ ഉള്ള പരാതികളും പരിഗണിക്കില്ല. ഭൂമിപട്ടയം, ഭൂമിതരംമാറ്റം എന്നിവ ഉൾപ്പെടെ 12 വിഷയങ്ങൾ പരിഗണിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
താലൂക്ക്, ജില്ലാ തലങ്ങളിൽ പരിഹരിക്കാമെന്നുറപ്പുള്ള പരാതികളേ അദാലത്തിലെത്തിക്കാവൂ എന്നതാണ് നിർദേശം. താലൂക്ക് തലത്തിൽ സ്വീകരിക്കുന്ന പരാതികൾ ഓരോ വകുപ്പിന്റെയും ജില്ലാമേധാവിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് സെല്ലുകൾ പരിശോധിച്ച് തീർപ്പാക്കാൻ കഴിയുന്നവ മാത്രം തിരഞ്ഞെടുത്താണ് അദാലത്തിൽ കൊണ്ടുവരുക. അവിടെ പരാതിക്കാരനെ വിളിച്ചുവരുത്തി മന്ത്രിമാർ നേരിട്ട് നടപടി അറിയിക്കുകയോ ഉത്തരവ് നൽകുകയോ ചെയ്യും.
താലൂക്കിലെയോ ജില്ലയിലെയോ ഉദ്യോഗസ്ഥർക്ക് സ്വന്തംനിലയിൽ തീർപ്പാക്കാവുന്ന പരാതികളിലെ തീരുമാനം മന്ത്രിമാർ വരുന്നതുവരെ വെച്ചു താമസിപ്പിക്കണോയെന്ന ചോദ്യം ഉയരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..